ചാണകം നോക്കിയുള്ള 2 വര്‍ഷത്തെ കാത്തിരിപ്പ്; 5 പവന്‍റെ താലി തിരികെക്കിട്ടിയ കഥ

കഴിഞ്ഞ ചെറിയ പെരുന്നാൾ ദിവസമാണ് അയൽവാസിയായ മൻസൂർ കൊല്ലത്ത് നിന്ന് കൊണ്ടു വന്ന മുരിങ്ങാക്കമ്പ് ഷൂജ–ഷാഹിന ദമ്പതികൾക്ക് നട്ടു പിടിപ്പിക്കാനായി നൽകിയത്. കൃഷിയിൽ ഏറെ താൽപര്യമുള്ള ഷാഹിന കവറിൽ  മുരിങ്ങാക്കമ്പ് കുത്തിവെക്കാനായി മണ്ണും ചാണകവും ചേർത്തിട്ടു. ചാണകം കോരിയപ്പോഴാണ് കയ്യിൽ താലിമാല തടഞ്ഞത്. മാലയിൽ ഇല്ല്യാസ് എന്ന് പേരും കൊത്തിയിരുന്നു.അതോടെ സംഗതി വ്യക്തമായി. ഏതോ ഒരു പശു ഒപ്പിച്ച പണിയാണെന്ന് മനസ്സിലാക്കിയ ഷൂജ ആദ്യം അന്വേഷിച്ചത് വീടുകളിൽ നിന്ന് ചാണകം ശേഖരിച്ച് വിൽപ്പന നടത്തുന്ന കരവാളൂർ സ്വദേശി ശ്രീധരനെയാണ്. ചാണകം ഏത് പശുവിന്റെതാണെന്ന് കണ്ടു പിടിക്കുക അത്ര എളുപ്പമല്ല എന്ന് കണ്ടപ്പോൾ, ഷൂജ വിവരം ഭാര്യാസഹോദരൻ ഹനീഫ് മുഹമ്മദിനെ അറിയിച്ചു. ഉടമസ്ഥനെ കണ്ട് പിടിക്കാൻ സമൂഹമാധ്യമമാണ് ഏറ്റവും നല്ല മാർഗമെന്ന് ചിന്തിച്ച ഹനീഫ് വിവരങ്ങൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലും പങ്ക് വെച്ചു.

അങ്ങനെ ഒരു ദിവസം രാവിലെ മണലുവെട്ടത്ത് നിന്നും ഇല്ല്യാസ് വിളിച്ചു. തന്റെ ഭാര്യയുടെ മാലയാണോ എന്ന് സംശയമുണ്ടെന്നും പറഞ്ഞു. പിന്നീട് ഇല്ല്യാസിനെ നേരിൽ കണ്ട ഷൂജ നാലഞ്ച് മാലകൾ കാണിച്ച് ഒരു മാസ് തിരിച്ചറിയൽ പരേഡ് തന്നെ നടത്തി. രണ്ട് വർഷമായി ആറ്റ് നോറ്റ് കാത്തിരുന്ന അഞ്ച് പവന്റെ മാല ഇല്ല്യാസിന് തിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അങ്ങനെ മാല കൈമാറാം എന്ന് പറഞ്ഞ ഷൂജയ്ക്ക് വലിയൊരു നന്ദിയും അറിയിച്ചു ഇല്ല്യാസ്. അതിനിടെ സ്വർണമാല വിഴുങ്ങിയ പശുവിന്റെ കഥയും ഷൂജ ചോദിച്ചറിഞ്ഞു. 

രണ്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കദനകഥ ഇങ്ങനെ: പുലർച്ചെ നാല് മണിക്ക് പശുവിനെ കറക്കാന്‍ തയ്യാറായ ഇല്ല്യാസിന്റെ ഭാര്യ കനമുള്ള മാല പക്കയ്ക്കകത്ത് അഴിച്ചുവെച്ചു. പത്ത് മണി കഴിഞ്ഞാണ് തന്റെ താലിമാലയെക്കുറിച്ച് ഭാര്യ ഓർത്തത്. എന്നാൽ ഇക്കാര്യമൊന്നുമറിയാതെ  ഇല്ല്യാസ് തന്റെ നാല് പശുക്കളിൽ രണ്ട് പശുക്കൾക്ക് ഒ കെ പൗഡർ‌ കലക്കി നൽകാനായി പക്കയെടുത്തു. പൗഡർ കലക്കി ബക്കറ്റിൽ വെള്ളമൊഴിച്ച് പശുക്കൾക്ക് കൊടുത്തു. സംഭവമറിഞ്ഞ് പക്കയും ബക്കറ്റും പരിശോധിച്ചെങ്കിലും  സ്വർണത്തിന്റെ തരി പോലും കണ്ടില്ല. അഞ്ച് പവന്റെ മാലയല്ലേ, അങ്ങനെയങ്ങ് അവഗണിക്കാൻ പറ്റില്ലല്ലോ. ഉടനെ മൃഗഡോക്ടറെ വരുത്തി ഒ കെ കുടിച്ച രണ്ട് പശുക്കളെയും വയറിളക്കി. ഡോക്ടർ ഫീസ് പോയതല്ലാതെ ഫലമൊന്നുമുണ്ടായില്ല. 

ഷൂജ,ഷാഹിന,ഇല്ല്യാസ്

ഒരു പശുവിനെ കടുത്ത സംശയമുനയിൽ നിർത്തി  നീണ്ട കാത്തിരിപ്പായിരുന്നു പിന്നീട്, പശുവിന്റെ ചാണകവും നോക്കി. എപ്പോഴൊക്കെ പശു ചാണകമിടുന്നോ അപ്പോഴെല്ലാം ഒരു കമ്പുമെടുത്ത് പരിശോധിക്കും, വല്ലതും തടയുന്നുണ്ടോ എന്ന്. സംശയമുനയിലുള്ള പ്രതികളല്ലേ. വിൽക്കാനും പറ്റില്ല. എങ്കിലും ആറുമാസം കഴിഞ്ഞപ്പോൾ ഒട്ടും സംശയമില്ലാത്ത ഒരു പശുവിനെ കൊല്ലായിൽ ഉള്ള ഒരാൾക്ക് വിറ്റു. തങ്ങൾ അന്വേഷിച്ച് നടന്ന പിടികിട്ടാപ്പുള്ളിയെ ആണ് വിൽക്കുന്നതെന്ന് പാവം ഇല്ല്യാസും അറിഞ്ഞില്ല.

പിന്നീടൊരു നീണ്ട യാത്രയായിരുന്നു പശു. കൊല്ലായിൽ നിന്ന് തിരിച്ച് മണലുവെട്ടം, തുടർന്ന്  അഞ്ചൽ മാർക്കറ്റ്, മാർക്കറ്റിൽ നിന്നാണ്  പശുവും ചാണകവും കരവാളിലെത്തുന്നത്. കരവാളിൽ നിന്നും  ചാണകമെടുത്താണ് സദാനന്ദൻ  ഷൂജയുടെ ഭാര്യ ഷാഹിനയുടെ കൈകളിലെത്തിച്ചത് . ഏതായാലും തൊണ്ടിമുതൽ കിട്ടിയെങ്കിലും പ്രതി ഇപ്പോഴെവിടെയാണെന്ന് ഒരു വ്യക്തതയുമില്ല. കറുത്ത പശുവാണ് എന്ന് മാത്രമറിയാം. തൊണ്ടിമുതൽ നാളെ പൊലീസിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ ചടയമംഗലത്ത് വെച്ച് ഇല്ല്യാസിന് കൈമാറുമെന്ന് ഷൂജ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കണ്ണിലെണ്ണയൊഴിച്ച്, ചാണകം വീഴുന്നതും നോക്കിയിരുന്ന ഇല്ല്യാസിന്റെയും കുടുംബത്തിന്റെയും രണ്ട് വര്‍ഷത്തെ  പെടാപാടൊന്നും അറിയാതെ ആ പ്രതി ഏതോ ഒരു വീട്ടിൽ കാത്തിരിക്കയാവും, സ്വർണം കലർന്ന ഓ കെ പൗഡറും നോക്കി..