ബാറ്റ് സമ്മാനിച്ച് മോദിയുടെ ‘ക്രിക്കറ്റ് നയതന്ത്രം’; കയ്യടിച്ച് സച്ചിന്‍

മാലിദ്വീപ് പ്രസിഡണ്ട് ഇബ്രാഹിം മുഹമ്മദ് സോളിക്ക് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് സച്ചിൻ ടെണ്ടുൽക്കർ. ‘ക്രിക്കറ്റിന് നൽകുന്ന പ്രചാരണത്തിന് മോദിജിക്ക് നന്ദി, ലോകകപ്പ് ക്രിക്കറ്റ് വേളയിലെ ക്രിക്കറ്റ് നയതന്ത്രത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. എത്രയും പെട്ടെന്ന് മാലിദ്യൂപും ക്രിക്കറ്റ് ഭൂപടത്തില്‍ വരട്ടെ’. ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്. 

ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ഒപ്പിട്ട ബാറ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപ് സന്ദർശനത്തിനിടെ പ്രസിഡണ്ടിന് നൽകിയത്. ‘ക്രിക്കറ്റ് ബന്ധം,  എന്റെ സുഹൃത്ത് പ്രസിഡന്റ് സോളി ക്രിക്കറ്റിന്റെ വലിയ ആരാധകനാണ്.  2019ലെ ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീം ഒപ്പിട്ട ഒരു ബാറ്റ് ഞാന്‍ അദ്ദേഹത്തിന് സമ്മാനിച്ചു.’ ഇതായിരുന്നു മോദി ഈ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. മാലിദ്വീപിൽ  ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാൻ എല്ലാ വിധ സഹായ സഹകരണങ്ങളും ഇന്ത്യ ചെയ്യുമെന്നും മോദി പറഞ്ഞിരുന്നു.

മോദിയുടെ ട്വീറ്റും ചിത്രങ്ങളും ചേർത്താണ് നന്ദി അറിയിച്ച് സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏതായാലും മോദിയുടെ സമ്മാനവും സച്ചിന്റെ നന്ദി പറച്ചിലും ഏറ്റെടുത്ത് കഴിഞ്ഞു ആരാധകർ.