ലോകം മുഴുവൻ ഫെയ്സ്ബുക്കിൽ; സക്കർബർഗിന്റെ മക്കൾ അടുക്കളയിൽ; വിഡിയോ

‘എപ്പോഴും ഇൗ ഫെയ്സ്ബുക്കിൽ കയറി ഇരുന്നോ അടുക്കളയിൽ എന്നെ ഒന്നു സഹായിച്ചുകൂടേ..’ പ്രിയഭേദമന്യേ ജീവിതത്തിൽ ഒരു തവണയെങ്കിലും ഇൗ വാചകം കേട്ടിട്ടുണ്ടാകും. എന്നാൽ ഇൗ പരിഭവം േകട്ട് മുഖം കറുപ്പിച്ചവർക്കുള്ള മറുപടിയാണ് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അദ്ദേഹത്തിന്റെ പേജിൽ പങ്കുവച്ചിരിക്കുന്ന വിഡിയോ. മാതൃദിനത്തിൽ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അമ്മയെ സഹായിക്കാൻ അടുക്കളിൽ പണിയെടുക്കുന്ന മക്കളുടെ ദൃശ്യങ്ങളാണ് സക്കർബർഗ് പങ്കുവച്ചത്. 

മക്കളായ മാക്സും ഓഗസ്റ്റും അടുക്കളയിൽ പാത്രം കഴുകാൻ സഹായിക്കുന്നതാണ് വിഡിയോ.ഒരാള്‍ സിങ്കിനടുത്തു നിന്നും സ്പൂണും ഫോർക്കും കഴുകി മറ്റേയാളെ ഏൽപ്പിക്കുകയാണ്. അത് വാങ്ങി റാക്കിൽ‌ ശ്രദ്ധയോടെ അവ അടുക്കി വയ്ക്കുകയാണ് രാണ്ടാമത്തെ കക്ഷി. ഇടയ്ക്ക് അമ്മ പ്രസില്ല കഴുകാനായി വീണ്ടും സ്പൂണും ഫോർക്കും കൊടുക്കുന്നതും വിഡിയോയിൽ കാണാം. മക്കളെ ചെറുപ്രായത്തിൽ തന്നെ കുഞ്ഞുകുഞ്ഞു ജോലികളൊക്കെ ഏൽപ്പിക്കുന്നത് വളരെ നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ലോകം മുഴുവൻ സമയം ചെലവഴിക്കുന്ന ഫെയ്സ്ബുക്ക് സ്ഥാപകൻ മക്കളെ സൈബർ ഇടങ്ങളിൽ തളച്ചിടാൻ തയാറല്ല. അതിനുദാഹരണമാണ് രണ്ടാമത്തെ മകൾ ഓഗസ്റ്റ് ജനിച്ചപ്പോൾ അദ്ദേഹം മകൾക്കായി കുറിച്ച സന്ദേശം. ‘വലുതാകുമ്പോൾ നിനക്ക് വളരെ തിരക്കായിരിക്കും അതുകൊണ്ട് ഇപ്പോൾതന്നെ എല്ലാ പൂക്കളുടേയും സുഗന്ധം അറിഞ്ഞുവളരുക’.