മൂന്ന് പതിറ്റാണ്ടിലെ ഒറ്റമുറിക്കാഴ്ച്ച; കൃഷ്ണൻകുട്ടിക്കാശ്രയം നാട്ടുകാർ മാത്രം

നാലുചുവരുകള്‍ക്കുള്ളിലെ കാഴ്ചയില്‍ മാത്രമൊതുങ്ങുന്ന  കൃഷ്ണന്‍കുട്ടിയുടെ  കിടപ്പ് ജീവിതത്തിന് മൂന്നു പതിറ്റാണ്ട് . ഉറ്റവരാരും തിരിഞ്ഞുനോക്കാതെ  അനാഥത്വത്തിന് പര്യായമായി മുവാറ്റുപുഴ കടവൂരിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന കൃഷ്ണന്‍കുട്ടിക്കാശ്രയം വല്ലപ്പോഴും  ഭക്ഷണമെത്തിച്ചു നല്‍കുന്ന നാട്ടുകാര്‍ മാത്രം 

കഴിഞ്ഞ മുപ്പത്തിയൊന്ന് വർഷമായി ഈ കട്ടിലാണ് കൃഷ്ണൻകുട്ടിയുടെ ലോകം. ഒറ്റമുറി വീട്ടിൽ ആരോരും കൂട്ടില്ലാതെ വിധിയോട് പൊരുതുകയാണ് ഇയാൾ. കരഞ്ഞാൽ പോലും കേൾക്കാൻ ആരുമില്ല. വെള്ളം എടുത്തുകൊടുക്കാൻ പോലും ഈ വീട്ടിൽ ഒരാളില്ല. പൈസ കൊടുത്താൽ ഓട്ടോറിക്ഷക്കാർ ഭക്ഷണം വാങ്ങി നൽകും. പക്ഷേ പണമില്ലാത്തതിനാൽ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്.

ഭക്ഷണം കഴിക്കലും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കലുമെല്ലാം ഈ കട്ടിലിൽ കിടന്നു തന്നെ ഒറ്റയ്ക്ക് ചെയ്യണം. നേരിയ സ്വാധീനമുള്ള വലതു കൈ ഉപയോഗിച്ചാണ് എല്ലാം ചെയ്യുന്നത്. മാസങ്ങളോളം കുളിക്കാൻ പോലും സാധിക്കാതെ കഴിയേണ്ടി വന്നിട്ടുണ്ട്.വല്ലപ്പോഴും വന്നു പോകുന്ന സന്നദ്ധപ്രവർത്തകർ മാത്രമാണ് പുറംലോകവുമായുള്ള ഏകബന്ധം. ദിവസത്തിൽ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാനുള്ള സഹായമാണ് കൃഷ്ണൻകുട്ടി ചോദിക്കുന്നത്.