പ്രൗഢിയോടെ വിവാഹം; വധു മാത്രമില്ല; കണ്ണീരിന്റെ നനവുള്ള ആ കഥ: നോവ്

ഗുജറാത്തി വിവാഹത്തിന്റെ എല്ലാം പ്രൗഢിയോടും കൂടി തന്നെയാണ് അജയ് ബറോത്തിനെ കുടുംബാംഗങ്ങൾ ആനയിച്ചത്. സ്വർണ്ണനിറത്തിലുള്ള ഷെർവാണിയും തലപ്പാവും ധരിച്ച് കുതിരപ്പുറത്തേറി അജയ് വരന്റെ ഗാംഭീര്യത്തോടെ തന്നെ എത്തി. സംഗീതും മെഹന്ദിയുമൊക്കെയായി കുടുംബാംഗങ്ങൾ ചടങ്ങ് പൊടിപൊടിച്ചു. പക്ഷെ ഒരു കാര്യം മാത്രം ഈ വിവാഹാഘോഷത്തിൽ ഇല്ലായിരുന്നു– വധു.

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലാണ് അപൂർവ്വമായ വിവാഹാഘോഷം കൊണ്ടാടിയത്. ഇരുപത്തിയേഴുകാരനായ ഭിന്നശേഷിക്കാരനായ മകൻ അച്ഛൻ നൽകാവുന്ന ഏറ്റവും നല്ല സമ്മാനമായിരുന്നു ഈ ആഘോഷങ്ങൾ. ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചുപോയ അജയ്‌യെ അച്ഛനാണ് വളർത്തിയത്.

ചെറുപ്പത്തിൽ തന്നെ പഠനവൈകല്യങ്ങളും അനുബദ്ധ പ്രശ്നങ്ങളും അജയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഔപചാരിക വിദ്യാഭ്യാസം അജയ്‌ക്ക് ലഭിച്ചിരുന്നില്ല. യുവാവായതോടെ ഏതെങ്കിലും വിവാഹാഘോഷത്തിന് പോകുമ്പോൾ അജയ് അച്ഛനോട് ചോദിക്കും എപ്പോഴാണ് എന്റെ വിവാഹം വരിക, എന്നാണ് ഇതുപോലെ കുതിരപ്പുറത്ത് ആനയിക്കുക എന്നൊക്കെ. ഭിന്നശേഷിക്കാരനായ മകന് ഒരു വധുവിനെ കണ്ടുപിടിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഈ അച്ഛന് ബോധ്യമുണ്ടായിരുന്നു. പ്രായം കൂടുന്തോറും അജയ്‌യുടെ ആഗ്രഹവും വാശിയും കൂടിവന്നതോടെ മകനെ സന്തോഷിപ്പിക്കാനായി ഒരു യഥാർഥ വിവാഹം നടത്തുന്ന എല്ലാ പ്രൗഢിയോടും കൂടി തന്നെ മകന്റെ വിവാഹ ഘോഷയാത്ര നടത്താൻ ഈ പിതാവ് തീരുമാനിക്കുകയായിരുന്നു. 800ൽ അധികം ആളുകൾ പങ്കെടുത്ത ചടങ്ങിന് ഏകദേശം രണ്ട് ലക്ഷം രൂപയോളം ചെലവായി.