എഴുതിയ മൂന്ന് പരീക്ഷയ്ക്കും കൂറ്റന്‍ മാര്‍ക്ക്; നാലാം പരീക്ഷയ്ക്കുമുന്‍പ് അവന്‍ പോയി: കണ്ണീര്‍

എഴുതിയ പരീക്ഷകൾക്കെല്ലാം വിനായക് ശ്രീധറിന് നല്ല മാർക്ക്. 97, 98,100. പക്ഷെ കൂടുതൽ പരീക്ഷകൾക്കും പരീക്ഷണങ്ങൾക്കും നിൽക്കാതെ നാലാമത്തെ പരീക്ഷയ്ക്ക് മുൻപ് വിനായക് ഈ ലോകത്തോട് വിടപറഞ്ഞു. ഡൽഹിയിലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ ഏറെ ഹൃദയസ്പർശിയായത് വിനായകിന്റെ മാർക്ക് ലിസ്റ്റാണ്.  97, 98 , 100, A, A... -  Result  : Failed. മൂന്ന് പരീക്ഷ എഴുതിക്കഴിഞ്ഞോപ്പോഴേക്ക് വിധി അവനെ തിരിച്ചുവിളിച്ചു.

ഡ്യൂഷെൻ മസ്കുലാർ ഡിസ്ട്രോഫി എന്ന ഒരു അപൂർവ ജനിതകരോഗ ബാധിതനായിരുന്നു വിനായക്. പേശികൾ തളർന്ന് വീൽചെയറിൽ ഒതുങ്ങിക്കൂടാനായിരുന്നു വിധി. എന്നാൽ ആ വിധിയോട് പോരാടിയാണ് അവൻ പഠിച്ചത്. സ്റ്റീഫൻ ഹോക്കിങ്ങ്സായിരുന്നു വിനായകിന്റെ ആരാധ്യപുരുഷൻ. സ്റ്റീഫൻ ഹോക്കിങ്ങിനെപ്പോലെ ലോകപ്രശസ്ത ശാസ്ത്രപ്രതിഭയാകണമെന്നാണ് വിനായകും മോഹിച്ചത്. എന്നാൽ മോഹങ്ങളൊന്നും സഫലമാകാൻ കാത്തുനിന്നില്ല.

രണ്ടരവയസിലാണ് വിനായകിന് ഈ രോഗമുണ്ടെന്ന് തിരിച്ചറിയുന്നത്. പക്ഷെ ഇതിന് ചികിൽസകളൊന്നും കണ്ടെത്തിയിരുന്നില്ല. മകന്റെ രോഗം തിരച്ചറിഞ്ഞശേഷം എന്നും അവനൊപ്പം നിൽക്കാനാണ് അച്ഛനും അമ്മയും ശ്രദ്ധിച്ചത്. വിനായകിന് പൂർണ്ണപിന്തുണയുമായി ചേച്ചിയും ഒപ്പമുണ്ടായിരുന്നു. 

നോയിഡയിലെ അമിറ്റി ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു വിനായക്. പരീക്ഷ തനിയെ എഴുതണമെന്ന് വാശിയുണ്ടായിരുന്നെങ്കിലും പേശികൾ വഴങ്ങാത്തതിനാൽ സഹായിയെവെച്ചാണ് എഴുതിച്ചത്. പരീക്ഷയ്ക്ക് ശേഷം രാമേശ്വരത്ത് പോയി പ്രാർഥിക്കണമെന്നായിരുന്നു വിനായകിന്റെ ആഗ്രഹം. പരീക്ഷ തീരാൻ കാത്തുനിൽക്കാതെ വിനായക് പോയതോടെ മകന്റെ ചിതാഭസ്മം ഒഴുക്കൻ അച്ഛനമ്മമാർ അവന്റെ ആഗ്രഹം പോെല രാമേശ്വരത്ത് എത്തി. ഇച്ഛാശക്തിയുടെ ഉദാഹരണമായിരുന്നു വിനായക് എന്ന പതിനഞ്ചുകാരൻ.