പകൽ മുഴുവൻ നീണ്ട കഠിനാധ്വാനം; മതിൽപൊളിച്ച് വാവ സുരേഷ് പിടിച്ചത് മൂർഖൻ കൂട്ടങ്ങളെ

ചാരുംമൂട്ടിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെ കഠിനാധ്വാനം ചെയ്തു വാവ സുരേഷ് പിടിച്ചത് പത്തോളം മൂർഖൻ കുഞ്ഞുങ്ങളെയും മൂർഖനെയും. ഇന്നലെ രാവിലെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം നൂറനാട് പടനിലം കിടങ്ങയത്തുള്ള രമ ഉണ്ണികൃഷ്ണന്റെ വീടിന്റെ മതിലുകൾ പൊളിച്ചാണു മൂർഖനെയും കുഞ്ഞുങ്ങളെയും പിടികൂടിയത്. വാവ സുരേഷ് എത്തുംമുൻപു നാട്ടുകാർ പത്തോളം കുഞ്ഞുങ്ങളെ പിടിച്ചിരുന്നു. 

രാവിലെ മൂർഖൻ കുഞ്ഞുങ്ങളെ ഓടിച്ചുകൊണ്ടു റോഡിനു കുറുകെ കീരി പോകുന്നതു നാട്ടുകാർ കണ്ടു.ഇതിനെ തുടർന്നു തടിച്ചുകൂടിയ നാട്ടുകാർ പിന്നാലെയെത്തി പത്തോളം മൂർഖൻ കുഞ്ഞുങ്ങളെ പിടിച്ച് ബക്കറ്റിലാക്കി. ഈ സമയം വാവസുരേഷിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വാവാസുരേഷ് ശേഷിക്കുന്ന പത്തോളം മൂർഖൻകുഞ്ഞുങ്ങളെ പിടിച്ചെടുത്തെങ്കിലും മതിലിലെ മാളത്തിലേക്കു കയറിയ മൂർഖനെ കിട്ടിയില്ല.  

തുടർന്ന് ഉച്ചയോടുകൂടി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മതിലുകൾ പൊളിച്ചു. തുടർന്നു മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ വൈകുന്നേരം അഞ്ച് മണിയോടെ മൂർഖനെയും വാവ സുരേഷ് പിടിയിലൊതുക്കി.