വിക്സ് തേച്ചാല്‍ മുടി വളരുമോ..? അനുഭവം വിവരിച്ച് യുവതി: വിഡിയോ

മുടി വളരാൻ പല മാർഗങ്ങൾ തേടുന്നവരാണ് എല്ലാവരും. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായ വിഡിയോയായിരുന്നു മുടി വളരാനായി തലയിൽ വിക്സ് തേയ്ക്കുന്നത്. ഒലിവ് ഒായിലും വിക്സും കൂടി ചേർത്ത് ആഴ്ചയിൽ രണ്ട് തവണ തേച്ചാൽ മുടി കൊഴിച്ചിൽ മാറുമെന്നും പുതിയ മുടി വളരുമെന്നുമായിരുന്നു വാദം. ഇത് പലരും പരീക്ഷിക്കുകയും ചെയ്തു. ഉപയോഗിച്ച ചിലര്‍ നല്ല ഫലം കിട്ടിയെന്ന് അവകാശപ്പെടുകയും ചെയ്തു.

പക്ഷെ താൻ തലയിൽ വിക്സ് പുരട്ടിയപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് വ്ലോഗറായ യുവതി യൂട്യൂബ് വിഡിയോയിലൂടെ. ആദ്യ പത്തുദിവസത്തിനുള്ളിൽ തന്നെ ഫലം കണ്ടുതുടങ്ങിയെന്നും ചെറിയ മുടികൾ ധാരാളമായി വളർന്നുവെന്നും യുവതി പറയുന്നു. എന്നാൽ മൂന്നാമത്തെ ആഴ്ച മുതൽ വിക്സ് തലയോട്ടിയിൽ തേച്ചപ്പോൾ തലവേദന തുടങ്ങി. സഹിക്കാൻ പറ്റാത്തത്ര തലവേദന. പിറ്റേദിവസവും അതേസമയത്ത് തലവേദന. മൂന്ന് ദിവസം അടുപ്പിച്ച് തലവേദന ഉണ്ടായപ്പോഴും വിക്സിനെ സംശയിച്ചില്ലെന്ന് യുവതി പറയുന്നു. 

എന്നാൽ, അടുത്ത തവണ വികിസ് പുരട്ടിയപ്പോഴും തലവേദന ആവർത്തിച്ചപ്പോഴാണ് വേദനയുടെ കാരണക്കാരൻ വിക്സ് ആണെന്ന് പിടികിട്ടിയത്. ആ ആഴ്ചയും വേദന ആവർത്തിച്ചു. ചെറിയ തലവേദന അല്ല സങ്കൽപിക്കാൻ കഴിയുന്നതിനും അധികമായിരുന്നു താൻ അനുഭവിച്ചത്. വീണ്ടും കുറച്ചു ദിവസത്തോളം വേദന തുടർന്നു.

മു‌ടിവളരും എന്നതു സത്യം തന്നെ, പക്ഷെ ഇത്തരം ബ്യൂട്ടി ടിപ്സുകൾക്ക് പിന്നാലെ പോകുമ്പോൾ പാർശ്വഫലങ്ങളെക്കുറിച്ചുകൂടി ചിന്തിക്കണമെന്ന് യുവതി പറയുന്നു. പെട്ടെന്ന് ഫലം തരുന്ന എന്തിനും ഇത്തരം പാർശ്വഫലങ്ങളണ്ടാകുമെന്നും ഇവർ പറയുന്നു