കലം തലയിൽ കമഴ്ത്തി; പാടുപെട്ട് ഒടുവിൽ തലയൂരി; ആശങ്കയുടെ ഒരു മണിക്കൂർ

രണ്ടു വയസ്സുകാരന്റെ തലയിൽ കുടുങ്ങിയ കലം അഗ്നിരക്ഷാസേനയുടെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തെ തുടർന്നു വേർപെടുത്തി. അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്ത് വാടകവീട്ടിൽ താമസിക്കുന്ന തമിഴ്നാട് തേനി സ്വദേശി ലോകനാഥിന്റെ മകനാണ് സ്വയം കലം തലയിൽ കമഴ്ത്തി ഒടുവിൽ ഊരിയെടുക്കാൻ കഴിയാത്ത സ്ഥിതിയിലായത്.

കത്രിക ഉപയോഗിച്ചു കലം മുറിച്ചു നീക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് ഏറെ പാടുപെടേണ്ടി വന്നു. കുട്ടിയുടെ രണ്ടു കാതുകളും കലം അടഞ്ഞ് മൂടി. അഗ്നിരക്ഷാസേന കലം മുറിക്കുന്ന സമയത്ത് കുട്ടി ഉച്ചത്തിൽ കരയുകയായിരുന്നു. കലം തലയിൽ നിന്നു നീക്കം ചെയ്ത ഉടനെ കുട്ടി സേനാംഗങ്ങൾക്കു റ്റാറ്റാ നൽകി. കരഞ്ഞ് അവശനായ കുട്ടിക്കു ഇടയ്ക്കിടയ്ക്കു വെള്ളം നൽകിക്കൊണ്ടിരുന്നു. പിതാവ് ലോക് നാഥ് കൊച്ചിൻ ക്രൗൺ പ്ലാസ ഹോട്ടലിലെ ജീവനക്കാരനാണ്. അരൂരിലെ അഗ്നിരക്ഷാ സേനാംഗങ്ങളായ പി.എം. പവിത്രൻ, അമർജിത്, ശ്രീദാസ്, കണ്ണൻ, ലൈജുമോൻ, രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് കലം മുറിച്ചു നീക്കിയത്.