താരാര..താര പോടടാ..പി.ജെയിലെ പാട്ടുകാരനുണർന്നു, താളമിട്ട് രമ്യയും അണികളും; വിഡിയോ

മികച്ച പൊതുപ്രവർത്തകൻ മാത്രമല്ല പി.ജെ. ജോസഫ്, നല്ലൊരു പാട്ടുകാരൻ കൂടിയാണ്. അതെല്ലാവർക്കും അറിയാം. പാട്ടു പാടാൻ ഒരു വേദി കിട്ടിയാൽ അദ്ദേഹം എല്ലാം മറക്കും. ഇടതു കൈ വിരൽ ഞൊടിച്ച്, താളമിട്ട്, അദ്ദേഹം ആസ്വദിച്ച് പാടുമ്പോൾ തിരഞ്ഞെടുപ്പ് ടെൻഷനൊക്കെ ആർക്കും പമ്പ കടക്കും.  ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്നാണ് പി.ജെ.ജോസഫ് പറഞ്ഞത്. പ്രചാരണത്തിനെത്തിയ ജോസഫ് പാട്ടുപാടി വോട്ടര്‍മാരെ ആവേശത്തിലാഴ്ത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് സീറ്റിനെച്ചൊല്ലി പാർട്ടിയ്ക്കുള്ളിലെ തർക്കമെല്ലാം  തൽക്കാലത്തേക്കെങ്കിലും അദ്ദേഹം മറന്നു. അണികളും സ്ഥാനാർഥിയായ രമ്യ ഹരിദാസും പാട്ടിനൊപ്പം താളമിട്ടു. 

കുഞ്ഞുന്നാളിലേ നല്ല പാട്ടുകാരനാണു പി.ജെ. ജോസഫ്. അച്‌ഛന്റെ സംഗീതവാസനയാണു തനിക്കു പകർന്നുകിട്ടിയിരിക്കുന്നതെന്നു അദ്ദേഹം പറയാറുണ്ട്. പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ കഥാപ്രസംഗവേദികളിലെ സ്‌ഥിരം താരമായിരുന്നു ജോസഫ്. പള്ളി ക്വയറിലും സജീവസാന്നിധ്യമായി. കോളജിലെത്തിയപ്പോൾ എല്ലാ പരിപാടികൾക്കും പിജെയുടെ പാട്ട് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. 

സംഘടനാവേദികളും പിജെ മനമറിഞ്ഞു പാടി. രാഷ്‌ട്രീയത്തിലെ തിരക്കുകൾക്കിടയിലും പാട്ടുകേൾക്കുന്ന ശീലമുണ്ട്. ഔദ്യോഗിക കാര്യങ്ങളുടെ ടെൻഷൻ ഒഴിവാക്കാൻ ഏറ്റവും നല്ല ഒറ്റമൂലി പാട്ടു കേൾക്കുന്നതാണെന്നു പി.ജെ പറയുന്നു. രമേശ് നാരായണൻ സംഗീതസംവിധാനം നിർവഹിച്ച ‘ഒരു നറുപുഷ്‌പമായി’ എന്ന ഗാനമാണ് ഏറ്റവുമിഷ്‌ടം. അദ്ദേഹം ഏറ്റവുമധികം വേദികളിൽ പാടുന്നതും ഈ പാട്ടുതന്നെ. ദൃശ്യമാധ്യമങ്ങളിലെ സംഗീതപരിപാടികളിൽ അവതാരകനായും പിജെ പലകുറി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൊടുപുഴയിലെ കാർഷികമേളയിൽ ഓരോ ദിവസവും പി.ജെ. ജോസഫ് ഒരു പാട്ടെങ്കിലും പാടും. ഇടുക്കിക്കാർക്ക് ഈ നേതാവിനെ ഏറെ ഇഷ്‌ടമാണ്; നേതാവിലെ പാട്ടുകാരനെയും.