പ്ലാസ്റ്ററിട്ട കാലുമായി ഉദ്യോഗാർഥി; പിഎസ്‌സി ഇന്റർവ്യു ബോർഡ് ‘താഴേക്കിറങ്ങി’

കാസർകോട് : കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗാർഥികൾ ഇന്റർവ്യു ബോർഡിനു മുന്നിൽ ഹാജരാകുകയാണു പതിവ്. എന്നാൽ ഇന്നലെ ആ പതിവു തെറ്റി. പ്ലാസ്റ്ററിട്ട കാലുമായി വന്ന ഉദ്യോഗാർഥിക്കു മുന്നിൽ ബോർഡ് എത്തി ഇന്റർവ്യു നടത്തി! പിഎസ്‌സി ഓഫിസിൽ ഇന്നലെയാണു സംഭവം. മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെ‍ൽത്ത് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യുവിനു ഓട്ടോറിക്ഷയിൽ പരസഹായത്തോടെ എത്തിയതായിരുന്നു ഉദ്യോഗാർഥി ചെറുവത്തൂർ സ്വദേശി മണികണ്ഠൻ

പുലിക്കുന്നിലെ ടൈഗർ ഹിൽസ് ബിൽഡിങ്ങിന്റെ മൂന്നാം നിലയിലാണു പിഎസ്‌സി ഓഫിസ്. ലിഫ്റ്റ് ഇല്ലാത്ത കെട്ടിടത്തിൽ മൂന്നാം നിലയിലേക്കു കയറുക അസാധ്യം. അപകടത്തിൽ ഗുരുതര പരുക്കേറ്റ വലതുകാ‍ൽ ഊന്നാനും മടക്കാനും കഴിയില്ല. ഉദ്യോഗാർഥിയെ മൂന്നാം നിലയിലേക്കു കയറ്റാൻ മാർഗമില്ലെന്നു കൂടെ വന്നവർ പിഎസ്‌സി അധികൃതരെ അറിയിക്കുകയായിരുന്നു.

ജില്ലാ പിഎസ്‌സി ഓഫിസർ വി.വി.പ്രമോദ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മൂന്നാം നിലയിൽനിന്നു താഴെയിറങ്ങി ഉദ്യോഗാർഥിയെ ഇന്റർവ്യു ചെയ്യാൻ പിഎസ്‌സി ഇന്റർവ്യു ബോർഡ് ചെയർമാൻ പി.ശിവദാസൻ തയാറായി. പിഎസ്‌സി അംഗം ഡോ. ജിനു സക്കറിയ ഉമ്മൻ, ഡിഎംഒ എ.പി.ദിനേശ്കുമാർ, കോഴിക്കോട് കോർപറേഷൻ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ഉൾപ്പെടെ 4 പേരായിരുന്നു ഇന്റർവ്യു ബോർഡിൽ.

ഓട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവരെയെല്ലാം മാറ്റി രഹസ്യസ്വഭാവം നിലനിർത്തിയാണ് ഇന്റർവ്യു നടത്തിയത്. കോടതി വരെ കയറിയിറങ്ങിയാണ് ഏറെ വൈകി മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  തസ്തികയിൽ ഇന്റർവ്യു നടക്കുന്നത്. ഇന്നലെ 45 ഉദ്യോഗാർഥികൾക്കായിരുന്നു ഇന്റർവ്യു.