ഉടമ മരിച്ചതറിഞ്ഞില്ല; ആശുപത്രി വരാന്തയിൽ നായ കാവലിരുന്നത് ഒരാഴ്ച

മനുഷ്യരേക്കാൾ സ്നേഹമുള്ളവരാണ് മൃഗങ്ങളെന്ന് തോന്നിപ്പിക്കുന്ന പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. നായ്ക്കൾക്ക് ഉടമസ്ഥരോടുള്ള സ്നേഹം ഒരൽപം സ്പെഷ്യൽ ആണു താനും. അത്തരത്തിലൊന്നാണ് അർജൻറീനയിൽ സംഭവിച്ചതും. 

ടോട്ടോ എന്ന നായ തന്‍റെ ഉടമ മരിച്ചതറിയാതെ ആശുപത്രിയില്‍ കാത്തുനിന്നത് ഒരാഴ്ച. ഒരാഴ്ചയായി വാതിലിനടുത്ത് ടോട്ടോ കാത്തുകിടക്കുകയായിരുന്നുവെന്നും ഉടമ എന്നെങ്കിലും വന്ന് തന്നെയും കൂട്ടി മടങ്ങുമെന്ന് കരുതിയാവണം അവന്‍ കാത്തുനിന്നത് എന്നും അയല്‍വാസി പറയുന്നു. 

മരിക്കുന്നതിനു മുൻപ് ടോട്ടോയോട് യാത്ര പറയണമെന്ന ഉടമയുടെ അഭ്യർത്ഥന മാനിച്ചാണ് നായയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ പല തവണ ശ്രമിച്ചിട്ടും ടോട്ടോ മടങ്ങിപ്പോവാന്‍ തയ്യാറായിരുന്നില്ല.

ആരെങ്കിലും ടോട്ടോയെ ഏറ്റെടുക്കണമെന്നും വളർത്തുന്നവർ കൂടിനുള്ളില്‍ പൂട്ടിയിട്ടില്ലെങ്കിൽ അവൻ ഉടമയെ തേടിയിറങ്ങുമെന്നും ലോക്കല്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ അംഗം ഫാത്തിമ റോഡ്റിഗസ് പറയുന്നു.