മരം മുറിച്ചിട്ടപ്പോൾ വൻജലപ്രവാഹം; അമ്പരന്ന് നാട്ടുകാരും; രോഷം വിഡിയോ

ഒരു തണലുതേടി കൊടുവേനലിൽ നെട്ടോട്ടമോടുമ്പോൾ വമ്പൻ മരം മുറിച്ചിടുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രോഷത്തോടും സങ്കടത്തോടുമാണ് പലരും ഇൗ വിഡിയോയോട്് പ്രതികരിക്കുന്നത്. മുറിച്ചിട്ട മാവിന്റെ ചുവട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ശക്തമായി ഒഴുകുന്ന കാഴ്ചയാണ് സങ്കടമുണ്ടാക്കുന്നത്.

ഈ ദ്യശ്യങ്ങളിൽ ഒരാൾ പറയുന്നതും കേൾക്കാം. ‘മരം കരയുന്നത് കണ്ടോയെന്ന്.’ ക്രൂരമായി ആ തമാശ വേനലിനോട് തട്ടിച്ചുനോക്കി നെടുവീർപ്പിടുകയാണ് ചിലർ. വിഡിയോ പഴയതാണോ എന്ന് വ്യക്തമല്ലെങ്കിലും മരം മുറിച്ചതിനെതിരെ രൂക്ഷ പ്രതികരണമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഇൗ വിഡിയോ കാഴ്ചയ്ക്ക് അപ്പുറം ചിന്തകളുടെയും സൂചനയാണ്. 

റോഡരികിൽ തണലായി നിന്ന മരം മുറിച്ചപ്പോഴുള്ള കാഴ്ച എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്ക് പേജുകളിൽ ഇൗ വിഡിയോ ഷെയർ ചെയ്യുന്നത്. ശിഖരങ്ങളെല്ലാം വെട്ടിയിറക്കി മരത്തിന്റെ ചുവട് മുറിക്കാൻ തുടങ്ങുമ്പോഴാണ് തടിയുടെ ചുവട്ടിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്. ആദ്യം ചെറുതായി തുടങ്ങിയതാണെങ്കിലും പിന്നീട് വെള്ളത്തിന്റെ ശക്തമായ പ്രവാഹമായിരുന്നു. പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് പോലെയുള്ള ഇൗ കാഴ്ച ഒപ്പം കൂടിനിന്നവർക്കും കൗതുകമായി.

എന്നാൽ മരപ്പൊത്തിലുണ്ടായിരുന്ന വെള്ളം പുറത്തേക്ക് ഒലിച്ചിറങ്ങിയതാണെന്ന കമന്റുമായി ചിലർ രംഗത്തെത്തി.  പൊള്ളുന്ന ചൂടിൽ തണലേകിയ മരം മുറിച്ചുമാറ്റുന്ന നടപടിയെ വിമർശിച്ച് ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്. വിഡിയോ കാണാം.