നിസഹായ നോട്ടം; കപ്പലണ്ടിപ്പൊതി നീട്ടി കാരുണ്യം; കണ്ണുനിറയും വിഡിയോ

‘എല്ലാം ഉണ്ടായിട്ടല്ല. പക്ഷേ ആ വച്ചുനീട്ടലിന്റെ സന്തോഷം അയാൾക്ക് മാത്രമായിരുന്നില്ല. ഇൗ വിഡിയോ കണ്ട ലക്ഷത്തോളം കാഴ്ചക്കാർക്കും കൂടിയാണ്.’ ടിക്ടോക്കിൽ മികച്ച പ്രകടനങ്ങൾക്കൊപ്പം പലപ്പോഴും യഥാർഥ ജീവിതങ്ങളും നമുക്ക് മുന്നിലേക്കെത്താറുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തെരുവോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന യുവാവാണ് വിഡിയോയിൽ. അയാൾക്ക് മുന്നിൽ ഒരു കുഞ്ഞ് വല്ലാതെ കൊതിയോടെ അയാളെ നോക്കി നിന്നിരുന്നു. 

ഒരു നാടോടി ബാലനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലാണ് ആ കുഞ്ഞ്. പണം നൽകി കപ്പലണ്ടി വാങ്ങി കഴിക്കാനുള്ള സ്ഥിതി ഇല്ലാത്തത് കൊണ്ടാകണം അവൻ കൊതിയോടെ അയാളെ തന്നെ നോക്കി നിന്നത്. ആ നോട്ടത്തിന്റെയും വിശപ്പിന്റെയും അർഥം ഒന്നും പറയാതെ തന്നെ യുവാവിനും തിരിച്ചറിയാനായി. വിശപ്പിന്റെ ആ വിളി കേട്ട യുവാവ് ഉടൻ തന്നെ സ്നേഹത്തിന്റെ ഒരു പൊതി അവന് നേർക്ക് നീട്ടി. ആഗ്രഹിച്ച കളിപ്പാട്ടം കയ്യിൽകിട്ടുന്ന സന്തോഷത്തോടെ, ഒരു ചെറിയ ചിരിയോടെ എല്ലാ കുസൃതികളും ഉള്ളിലൊതുക്കി കുഞ്ഞ് ആ പൊതി വാങ്ങിതിരികെ നടന്നു. സമീപത്ത് നിന്നിരുന്ന ആരോ മൊബൈലിൽ പകർത്തിയ ഇൗ കാഴ്ചക്ക് ഇഷ്ടക്കാർ ഏറുകയാണ്.