പേരൻപിലെ പാപ്പ; എനിക്കും അമ്മക്കും പാച്ചു; കണ്ണ് നനയിച്ച് ചേച്ചി; കുറിപ്പ്

മനസ്സിൽ ഒരു വിങ്ങലുമായാണ് പേരൻപിലെ അമുദവനെയും പാപ്പായെയും പ്രേക്ഷകർ കണ്ടിറങ്ങിയത്. സ്പാസ്റ്റിക് ഡിസോർഡർ ഉള്ള മകളുടെയും അച്ഛന്റെയും കഥയാണ് പേരൻപ് പറയുന്നത്. യഥാർഥി ജീവിതത്തിലും പാപ്പായെപ്പോലെ നിരവധി പേർ നമുക്കിടയിലുണ്ട്. വീട്ടിലെ പാപ്പായെക്കുറിച്ച് സഹോദരി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. 

പാപ്പായെപ്പോലെ എനിക്ക് ഒരു കുഞ്ഞനുജൻ ഉണ്ടെന്ന് പറഞ്ഞാണ് സോയ തുടങ്ങിയത്. നിഷ്കളങ്കമായി ചിരിച്ച് പാട്ടുകേൾക്കാൻ മാത്രം വാശിപിടിച്ച് ഒന്നും പറയാതെയും ചെയ്യാതെയുമുള്ള പാച്ചുവിന്റെ സ്നേഹത്തെക്കുറിച്ച് സോയ വിശദമായി കുറിക്കുന്നു. പാച്ചുവിനെക്കൂടാതെ സ്വന്തം ലോകം നഷ്ടമായ അമ്മയെക്കുറിച്ചും സോയ പറയുന്നു. പാച്ചുവിന്റെ ജനനത്തിന് ശേഷം സ്വയം സുഖങ്ങളും സന്തോഷങ്ങളും അമ്മ വേണ്ടെന്നുവെച്ചു. അവൻ ഇനിയും വലുതാകുമെന്നും, അവന്റെ ആവശ്യങ്ങൾ ഞങ്ങൾ എങ്ങനെ നിറവേറ്റും എന്നും ഒക്കെ വലിയ വിഹ്വലതകൾ ഉണ്ടെന്നും സോയ പറയുന്നു.

കുറിപ്പ് വായിക്കാം;

പേരന്പിലെ പാപ്പായെ പോലെ എനിക്ക് ഒരു കുഞ്ഞനുജൻ ഉണ്ട്. പാച്ചു. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ ആണ് അവൻ ജനിച്ചത്. എന്റെ അമ്മയുടെ മരണത്തിന് ശേഷം അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. (എനിക്ക് ഇരുപത്തിനാല് വയസ്സായപ്പോൾ അച്ഛനെയും ഞങ്ങൾക്ക് നഷ്ട പ്പെട്ടു.)അങ്ങനെ എന്റെ കുഞ്ഞനുജനും മകനും എല്ലാം ആയി പാച്ചുവിനെ എനിക്ക് കിട്ടി.കഴിഞ്ഞ പതിനാലു വർഷങ്ങളായി അവൻ ഞങ്ങളുടെ കൂടെയുണ്ട്. നിഷ്കളങ്കമായി ചിരിച്ച്, പാട്ട് കേൾക്കാൻ മാത്രം വാശി പിടിച്ച്, ഒന്നും പറയാതെയും ചെയ്യാതെയും അവന്റെ സ്നേഹം ഞങ്ങളിൽ നിറക്കുന്ന എന്റെ കുട്ടി. ഉപാധികൾ ഇല്ലാത്ത സ്നേഹം എന്തെന്ന് അക്ഷരാർത്ഥത്തിൽ പറഞ്ഞു തരുന്ന സ്നേഹമാണ് പാച്ചുവിന്റേത്. അവൻ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സന്തോഷവാനായ കുഞ്ഞാണ്. അവന്റെ ചുറ്റുമാണ് എന്റെ ലോകം എന്ന്‌ എനിക്ക് നിസംശയം പറയാനാകും. പക്ഷേ, ഈ എഴുത്ത്‌ എന്നെ കുറിച്ചോ പാച്ചുവിനെ കുറിച്ചോ അല്ല. ഞങ്ങളുടെ ലോകത്തെ കുറിച്ചല്ല. ഇതിനിടയിൽ സ്വന്തം ലോകം ഇല്ലാതെ ആയ ഒരാളെ കുറിച്ചുള്ളതാണ്. ഞങ്ങളുടെ അമ്മയെ കുറിച്ച്.

പാച്ചുവിന്റെ ജനനത്തിനു ശേഷം സ്വയം ഒരു സുഖങ്ങളും സന്തോഷങ്ങളും വേണ്ട എന്ന് വെച്ച ഒരമ്മ. അവന് ടീവി കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ട് തനിക്കും ഒന്നും വേണ്ടെന്ന് വച്ച ഒരമ്മ. എവിടെ പോയാലും അവന്റെ അടുത്ത് ഓടി എത്താൻ മാത്രം ആഗ്രഹിക്കുന്ന 'അമ്മ. മുപ്പത് കിലോ ഭാരമുള്ള അവനെ എന്തിനും ഏതിനും എടുത്ത് നടക്കുന്ന 'അമ്മ. രാപകൽ അവനെ കുറിച്ച് മാത്രം ചിന്തിക്കുന്ന 'അമ്മ. മാതൃത്വത്തെ മഹത്വൽക്കാരിക്കാൻ ഞാൻ ശ്രമിക്കുന്നതല്ല. സ്വന്തം സ്വത്വം തന്നെ മറന്ന് പോയ ഈ അമ്മയോട് ഞാൻ പറയാറുണ്ട് അല്പമെങ്കിലും മനസ്സിനെ ഒന്ന് വെറുതെ വിടൂ, ഒരു സിനിമയെങ്കിലും കാണൂ, ഞാനുണ്ടല്ലോ എന്ന്‌. ഒരു മാറ്റവും ആ വാക്കുകൾ ഉണ്ടാക്കുന്നില്ല. പാച്ചുവിന്റെ ന്യൂറോളജിസ്റ്റു പറയുന്നത് പോലെ, ഒരു പക്ഷെ മകൻ അമ്മയിൽ എന്നതിനേക്കാൾ ഉപരിയായി 'അമ്മ മകനിൽ ആയിരിക്കാം ഒരു പക്ഷേ കെട്ടിയിട്ടപ്പെട്ടിരിക്കുന്നത്.

അവൻ ഇനിയും വലുതാകുമെന്നും, അവന്റെ ആവശ്യങ്ങൾ ഞങ്ങൾ എങ്ങനെ നിറവേറ്റും എന്നും ഒക്കെ വലിയ വിഹ്വലതകൾ ഉണ്ട്. പക്ഷെ അതിനേക്കാൾ സങ്കടമാണ് എനിക്ക് അമ്മയുടെ ജീവിതം. അത് കൊണ്ട്, അവർ ഇടതടവില്ലാതെ ചെയ്യുന്ന പണികൾ കാണുന്നത് കൊണ്ട്, സ്വയം അവർ വേണ്ടെന്ന് വെക്കുന്ന സന്തോഷങ്ങളെ കണ്ടിട്ട്, അവരുടെ ഒപ്പം എന്തിനും ഉള്ളത് കൊണ്ടും ഇത്തരത്തിൽ ഉള്ള എല്ലാ അമ്മമാരെയും എനിക്ക് മനസ്സിലാകും. ചേർത്ത് പിടിക്കുന്നവർക്കും, ഉള്ള് പൊട്ടുന്നവർക്കും, ഉപേക്ഷിക്കുന്നവർക്കും എല്ലാം അവരുടേതായ കഥകൾ ഉണ്ട്, കണ്ണീരുണ്ട്.

പേരന്പു കാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വീട്ടിലുണ്ടല്ലോ.❤️

Ps: എന്റെ വിവാഹശേഷം പാച്ചുവിനും അമ്മക്കും എന്താകും അവസ്‌ഥ എന്ന് ഒരു യുക്തിയുമില്ലാതെ ചോദിച്ച ബന്ധുക്കൾ ഉണ്ട്,അവനെ ഒന്ന് സ്നേഹത്തോടെ കാണാൻ പോലും വരാത്തവർ ഉണ്ട്, അവനെ കുറിച്ചോ അമ്മയെ കുറിച്ചോ ഒന്ന് ചോദിക്കുക പോലും ചെയ്യാത്തവരുണ്ട്. എല്ലാവരോടും ഒന്നേ പറയാനുള്ളു. വിവാഹം കഴിഞ്ഞെന്ന് വെച്ച് ഞാൻ അവന്റെ ചേച്ചി അല്ലാതായിട്ടില്ല. അവന് ഒരു ചേട്ടനെ കൂടെ കിട്ടിയിട്ടുണ്ട്. അവനെ ഞങ്ങൾ എല്ലാവരും പൊന്നു പോലെ നോക്കുന്നുണ്ട്. കൂടെയും തൊട്ടടുത്തും ഒക്കെ തന്നെയുള്ള അമ്മയുടെ ചേച്ചിമാരും, വീട്ടുകാരുമൊക്കെ അവരുടെ മകനെ പോലെ തന്നെയാണ് പാച്ചുവിനെ കാണുന്നത്.അവന് ഒരു കുറവും ഇല്ല. ഞങ്ങൾ ഇനിയും ജീവിക്കും. അവനെയും അമ്മയെയും ഒഴിവാക്കുന്ന, മറക്കുന്ന ആരോടും കൂടെ ഞാനില്ല. ഞങ്ങൾ തിരക്കിലാണ്. ഒരുപാട് ചെയ്യുവാനുണ്ട്.