മൊയ്തീന്‍ സ്മാരകത്തിന്റെ മുകള്‍നില കൂടി പൂര്‍ത്തിയാക്കണം: സങ്കടഭാരത്തോടെ കാഞ്ചനമാല

കോഴിക്കോട് മുക്കത്തെ ബി.പി.മൊയ്തീൻ സേവാ മന്ദിരത്തിന്റെ ആദ്യത്തെ നിലയുടെ നിർമാണത്തിന് സഹായിച്ചത് നടൻ ദിലീപാണെന്ന് കാഞ്ചനമാല. ബി.പി.മൊയ്തീനെന്ന അനശ്വര പ്രണയകഥയിലെ നായകനും നാടിന് വേണ്ടി ജീവൻ സമർപ്പിച്ച സാമൂഹിക പ്രവർത്തകനുമായ മൊയ്തീനെക്കുറിച്ച് അറിഞ്ഞാണ് ദിലീപ് സഹായവുമായി എത്തിയത്.  മൊയ്തീന്റെയും തന്റെയും ജീവിതം പ്രമേയമാക്കിയ എന്ന് നിന്റെ മൊയ്തീൻ സിനിമാ ടീം അഞ്ച് ലക്ഷം രൂപ തന്നു. 

എന്നാൽ, അതിന് ശേഷം പലരിൽ നിന്നും സംഭാവനകൾ ലഭിച്ചു. അതുകൊണ്ട് സേവാ മന്ദിരത്തിന്‍റെ രണ്ടാം നിലയും പൂർത്തിയാക്കി. എന്നാൽ ഏറ്റവും മുകളിലത്തെ നില നിർമിക്കാൻ ഇപ്പോൾ പണമില്ലെന്ന് യുഎഇയില്‍ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അവർ പറഞ്ഞു. 

മലയാളികളുടെ ഇടനെഞ്ചിൽ നീറുന്ന പ്രണയകഥയിലെ നായിക കോഴിക്കോട് മുക്കം സ്വദേശിനിയായ കാഞ്ചനമാല ഇതാദ്യമായാണ് യുഎഇ സന്ദർശിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് സിനിമയിലെ അനശ്വര പ്രണയിയിനി പ്രിയതമന്റെ സ്മാരകമായി യാഥാർഥ്യമാക്കുന്ന ബി.പി.മൊയ്തീൻ സേവാ മന്ദിരത്തിന്‍റെ നിർമാണം പാതിവഴിയിലായതിന്‍റെ ദുഃഖവുമായാണ് യുഎഇയേയും പ്രവാസികളെയും കാണാനെത്തിയത്.  മൂന്ന് നില കെട്ടിടത്തിന്‍റെ മുകളിലത്തെ നില നിർമാണം പൂർത്തിയാക്കാൻ 30 ലക്ഷം രൂപയെങ്കിലും ഇനിയും ആവശ്യമുണ്ടെന്ന് അവർ പറഞ്ഞു. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന ഒ‌ട്ടേറെ പേർ നിത്യേനയെന്നോണം ഞങ്ങളെ കാണാനെത്തുന്നുണ്ട്. ഇവരെ പുനരധിവസിപ്പിക്കാനാണ് ബഹുനില മന്ദിരം ഒരുക്കുന്നത്. മൊയ്തീനെ സ്നേഹിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവരുമായ പ്രവാസികൾ അത് പൂർത്തിയാക്കാനുള്ള വഴിയൊരുക്കിത്തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാഞ്ചനമാല പറഞ്ഞു. 

എന്ന് നിന്‍റെ മൊയ്തീൻ ഒരു ഡോക്യുമെന്‍റെറി അല്ലാത്തതിനാൽ സിനിമയ്ക്ക് ആവശ്യമുള്ള ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാകാമെങ്കിലും എന്നോടും മൊയ്തീനോടും നീതി പുലർത്തിയിട്ടുണ്ട്. സിനിമയ്ക്ക് ശേഷം സംഗീതജ്ഞൻ രമേശ് നാരായണനാണ് അഞ്ച് ലക്ഷത്തിന്‍റെ ചെക്ക് തന്നത്. അല്ലാതെ മൊയ്തീനെക്കുറിച്ചുള്ള ഒരു സിനിമയ്ക്ക് പണം ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നു. അതവർ അറിഞ്ഞ് ചെയ്യേണ്ടതാണ്. എന്നാല്‍ കെട്ടിടത്തിന്‍റെ രണ്ട് നിലകൾ പൂർത്തിയാക്കാൻ കാരണം സിനിമ തന്നെയാണ്. എന്ന് നിന്‍റെ മൊയ്തീൻ പുറത്തിറങ്ങിയ ശേഷം നിന്നു തിരിയാൻ സമയമില്ലാത്തവിധം പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന സംഭാവനകളും കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. കൂടാതെ, തന്നെ കാണാനും സ്നേഹം പങ്കുവയ്ക്കാനും നൂറുകണക്കിന് പേർ ദിവസവും എത്തുന്നതായും കാഞ്ചനമാല പറഞ്ഞു.

അജ്മാനില്‍ മുക്കത്തെ സൗഹൃദക്കൂട്ടം ആരംഭിക്കുന്ന ‘മുക്കത്തെ മക്കാനി’ എന്ന ഹോട്ടലിന്റെ  ഉദ്ഘാടനം ചെയ്യാനാണ് കാഞ്ചനമാല എത്തിയത്.