‘അമ്മ പറഞ്ഞു: ഒരിക്കലും അഴിമതി ചെയ്യരുതെന്ന് വാക്ക് താ..’; ഓര്‍ത്തെടുത്ത് മോദി

താൻ പ്രധാനമന്ത്രിയായത് അമ്മ ഹീരാബെൻ മോദിയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമല്ലെന്ന് നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മോദിയുടെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയായതിനെക്കാൾ അമ്മയെ സന്തോഷിപ്പിച്ചത് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായതാണ്. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ഡൽഹിയിലായിരുന്നു താമസം. തിരഞ്ഞെടുപ്പിലെ വിജയം അറിഞ്ഞയുടൻ അമ്മയെക്കാണാൻ അഹമ്മദാബാദിലെ വീട്ടിലേയ്ക്കാണ് പോയത്. 

അമ്മയ്ക്ക് മുഖ്യമന്ത്രി പദവിയെക്കുറിച്ച് വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല. ആഘോഷഭരിതമായ അന്തരീക്ഷത്തിലേക്ക് ഞാനെത്തിയപ്പോൾ അമ്മ ആദ്യം എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞത്, നീ ഏതായാലും തിരിച്ച് ഗുജറാത്തിൽ എത്തിയല്ലോ, ഇനി ഇവിടെ കാണുമല്ലോയെന്നാണ്. ഞാനെപ്പോഴും അരികില്ലുണ്ടാകണമെന്നാണ് അമ്മ ആഗ്രഹിച്ചത്.

പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമ്മ ഒരു കാര്യം മാത്രമേ പറഞ്ഞൂള്ളൂ, നിന്റെ ജോലി എന്താണെന്ന് ഒന്നും അറിയില്ല, പക്ഷെ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്ന് വാക്ക് തരണമെന്ന്. എന്നെ ഏറെ സ്വാധീനിച്ച വാക്കുകളാണത്. ജീവിതകാലം മുഴുവൻ ദാരിദ്ര്യത്തിൽ മാത്രം കഴിഞ്ഞ സ്ത്രീയാണ് അമ്മ, മകന് ഇത്രയും വലിയ പദവി ലഭിച്ചിട്ടും ആഡംബരങ്ങളിലും സ്വാർഥലാഭങ്ങളിലും അമ്മ ഭ്രമിച്ചില്ല. ഞാൻ പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും അമ്മയ്ക്ക് ഒരുപോലെയാണ്. പണ്ട് ആരെങ്കിലും എനിക്കൊരു സാധാരണജോലി കിട്ടിയെന്ന് പറഞ്ഞാൽപ്പോലും മറ്റുള്ളവർക്ക് അമ്മ മധുരം നൽകുമായിരുന്നു. ഏത് പദവിയാണെങ്കിലും സത്യസന്ധനായിരിക്കണമെന്ന് മാത്രമാണ് അമ്മയുടെ ആഗ്രഹം- മോദി പറഞ്ഞു.