ക്ലാസ് മുറിയില്‍ ഡാന്‍സ് കളിച്ച ആ മാഷ് ആവശ്യത്തിന് ‘സ്ട്രിക്റ്റ്’ ആണ്: അഭിമുഖം

മാറുന്ന കാലത്തിന് അനുസരിച്ച് മാറുന്ന അധ്യാപകരെ ലോകം എന്നു കയ്യടികളോടെ വരവേല്‍ക്കും. ‘തുള്ളി’ പഠിപ്പിച്ച ടീച്ചറെപ്പോലെ തന്നെ വൈറലാണ് ക്ലാസിൽ താരകപെണ്ണാളേ.. എന്ന ഗാനത്തിനൊപ്പം ചുവടുവെച്ച അധ്യാപകന്റെ വിഡിയോയും. കുട്ടികൾക്കൊപ്പം ചേർന്ന ആ അധ്യാപകൻ ഇതാ ഇവിടെയുണ്ട്. എറണാകുളം ജില്ലയിലെ പട്ടിമറ്റം മാർ കൂറിലോസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു അധ്യപകനായ ബിജു മാത്യുവാണ് ചുവടുവെച്ച് കുട്ടികളിലൊരാളായി മാറിയത്. വിഡിയോ വൈറലായതോടെ അധ്യാപകനെത്തേടി അഭിനന്ദന പ്രവാഹമാണ്. ഇതിനെക്കുറിച്ച് ബിജു മനോരമ ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നതിങ്ങനെ:

പ്ലസ് ടു കുട്ടികളുടെ ഫെയർവെ‌ൽ ദിനത്തിന്റെ അന്ന് എടുത്തതാണ് വിഡിയോ. എല്ലാവർഷവും പഠനം കഴിഞ്ഞപോകുന്ന കുട്ടികൾക്കായി യാത്രയയപ്പ് നടത്താറുണ്ട്. ഇതിലേക്ക് അധ്യാപകരെയും പൂർവ്വ വിദ്യാർഥികളെയുമൊക്കെ വിദ്യാർഥികൾ ക്ഷണിക്കാറുണ്ട്. പ്രസ്തുത ക്ലാസിലെ കുട്ടികളുടെ മുൻവർഷത്തെ ക്ലാസിന്റെ ചുമതല എനിക്കായിരുന്നു. അന്ന് മുതൽ കുട്ടികളുമായി നല്ല അടുപ്പമാണ്. 

എന്നെ ക്ലാസിലേക്ക് ക്ഷണിച്ചിട്ട് സർ ഒരു പാട്ട് പാടാമോയെന്നാണ് അവർ ആവശ്യപ്പെട്ടത്. എനിക്ക് പാടാൻ ഒന്നും അറിയില്ല. നിങ്ങൾ പാടിക്കോളൂ, ഞാൻ കൂടെക്കൂടാമെന്ന് പറഞ്ഞ് കുട്ടികളുടെ കുസൃതിയ്ക്കൊപ്പം കൂടിയതാണ്. കുട്ടികളിത് വിഡിയോ എടുക്കുമെന്ന് ഞാൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ഇത്ര 'മാരക'മായി ഡാൻസ് കളിക്കില്ലായിരുന്നു.

അവർക്ക് ആനന്ദിക്കാൻ കിട്ടുന്ന ചുരുക്കം ചില ദിവസങ്ങളിലൊന്നാണ് ഇത്. അത് അവരുടെ ദിവസമാണ്. അന്ന് നമ്മൾ അത്ര മസിൽ പിടിക്കേണ്ട ആവശ്യമൊന്നുമില്ല. എന്റെ വിഷയം ഇംഗ്ലീഷാണ്. ഭാഷാധ്യാപകർ കണക്ക്, സയൻസ് അധ്യാപകരുടെ പോലെ അത്ര ബലം പിടിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സംഗതി കുട്ടികൾക്കൊപ്പം ഇതിനൊക്കെ കൂടിയെങ്കിലും അക്കാദമിക്ക് കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. പഠിക്കാതെയും ഇന്റേണൽ വർക്കുകൾ ചെയ്യാതെയും വന്നാൽ ഇതുപോലെ കുട്ടിക്കളിക്ക് കൂട്ടുനിൽക്കില്ല– ബിജു മാത്യു പറഞ്ഞു.