15 വര്‍ഷം ചികില്‍സിച്ച വ്യാജ ഡോക്ടറെ കുടുക്കിയത് 3 പിഴവ്; യഥാര്‍ത്ഥ ഡോക്ടര്‍ പറയുന്നു

ചിത്രം 1– ഡോക്ടർ ജോൺ സൈമൺ, ചിത്രം 2– വ്യാജഡോക്ടർ സി.ജെ യേശുദാസ്/സാജൻ

സത്യം എല്ലാ കാലവും മൂടിവെയ്ക്കാൻ സാധിക്കില്ല, ഒരുനാൾ മറനീക്കി പുറത്തുവരും എന്ന പഴമൊഴി വെറുതെയല്ല എന്ന് തെളിയിച്ച സംഭവമാണ് ആലപ്പുഴയിലെ വ്യാജ ഡോക്ടറുടേത്. 15 വർഷമായി വിവിധ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ ചികിൽസ നടത്തിയ വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസ് എന്ന സാജനെ അറസ്റ്റ് ചെയ്തത് ഞെട്ടലോടെയാണ് കേരളം കേട്ടത്. 

ഒന്നും രണ്ടും വർഷമല്ല, നീണ്ട 15 വർഷമാണ് വിശ്വസിച്ചെത്തിയ അനേകം രോഗികളെയും ഭാര്യയേയും മക്കളെയും വീട്ടുകാരെയും സാജൻ കബളിപ്പിച്ചത്. വ്യാജഡോക്ടർ മറനീക്കി പുറത്തുവന്നത് അന്വേഷണാത്മക സിനിമകളെ വെല്ലുന്ന രീതിയിലും. തിരുവനന്തപുരത്തുള്ള ഡോക്ടർ ജോൺ സൈമണിന്റെ രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ചാണ് സാജൻ ഇത്രയും കാലം ചികിൽസ നടത്തിയത്.  തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനാണ് ജോൺ സൈമൺ. ഞെട്ടിക്കുന്ന ഈ വിവരം അറിഞ്ഞതിനെക്കുറിച്ച് ഡോക്ടര്‍ മനോരമ ന്യൂസ്ഡോട്ട്കോമിനോട് പറയുന്നു: 

എന്റെ യഥാര്‍ത്ഥ പേര് യേശുദാസ് സൈമൺ എന്നാണ്. ആ പേര് താൽപര്യമില്ലാതിരുന്നത് കൊണ്ട് 2001ൽ ഗസറ്റിൽ പരസ്യം ചെയ്ത് ജോൺ സൈമൺ എന്ന് മാറ്റിയിരുന്നു. പക്ഷെ പഴയ സർട്ടിഫിക്കറ്റുകളിലും രേഖകളിലുമൊക്കെ യേശുദാസ് സൈമൺ എന്ന പേര് തന്നെയായിരുന്നു. അതെല്ലാം മാറ്റി കിട്ടാൻ ഒരുവർഷം കൂടിയെടുത്തു. ഈ കാലഘട്ടത്തിൽ മെഡിക്കൽ ഫീൽഡിൽ നിന്നും ഞാൻ കുറച്ച് മാറി നിൽക്കുകയായിരുന്നു. സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനായി ഡൽഹിയിലായിരുന്നു. ഈ വിവരങ്ങളൊക്കെ നന്നായി മനസിലാക്കിയിട്ടാകും സാജൻ തട്ടിപ്പിനിറങ്ങിയത്. അന്ന് ഇന്റർനെറ്റ് ഒന്നും ഇത്ര സജീവമല്ല. അത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് ഇതൊക്കെ അറിഞ്ഞതെന്ന് അറിയില്ല, പക്ഷെ ഞാനുമായി അടുപ്പമുള്ളവർക്ക് മാത്രം അറിയാവുന്ന വിവരങ്ങളാണ് ഇതൊക്കെ.

എന്റെ രജിസ്ട്രേഷൻ ഐഡിയും സർട്ടിഫിക്കറ്റുകളും തരപ്പെടുത്തിയെടുത്താണ് സാജൻ പ്രാക്ടീസ് നടത്തിയിരുന്നത്. വളരെ യാദൃശ്ചികമായാണ് ഞാനിത് കാണുന്നത്. ആലപ്പുഴയിലുള്ള ഒരു സുഹൃത്തിന്റെ കുറിപ്പടിയിൽ എന്റെ രജിസ്ട്രേഷൻ നമ്പറായ 30787 എഴുതിയിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. എന്റെ അതേ രജിസ്ട്രേഷൻ ഐഡിയിൽ ഞാൻ എഴുതാത്ത കുറിപ്പടി എങ്ങനെ കിട്ടിയെന്ന അന്വേഷണം സാജൻ എന്ന സി.ജെ.യേശുദാസിലാണ് എത്തിയത്. വളരെ വിദഗ്ധമായാണ് സാജൻ സർട്ടിഫിക്കറ്റുകളുടെ വ്യാജൻ ഉണ്ടാക്കിയിരിക്കുന്നത്.

പക്ഷെ അതിലും അയാളെ കുടുക്കാൻ ഉതകുന്ന മൂന്ന് തെറ്റുകളുണ്ടായിരുന്നു. ഗവൺമെന്റ് എന്നുള്ളതിന് ചുരുക്കെഴുത്തായി Govt എന്നായിരുന്നു എഴുതിയിരുന്നത്. അതുപോലെ കോളജ് എന്ന് അച്ചടിച്ചതിലും തെറ്റുണ്ടായിരുന്നു. പിന്നെ ആ സർട്ടിഫിക്കറ്റിൽ ട്രിവാൻഡ്രം എന്നാണ് എഴുതിയിരുന്നത്. എനിക്ക് സർട്ടിഫിക്കറ്റ് കിട്ടുന്ന കാലത്ത് ട്രിവാൻഡ്രം അല്ല തിരുവനന്തപുരമായിരുന്നു. ഈ മൂന്ന് പിശകുകൾ ഒഴിച്ചാൽ ബാക്കിയെല്ലാം  ഒറിജിനലിനെ വല്ലുന്ന തരത്തിലുള്ളതായിരുന്നു.

സാജനെക്കുറിച്ച് ആലപ്പുഴയിലുള്ള ഒരു ബന്ധുവിനോട് അന്വേഷിച്ചപ്പോൾ അദ്ദേഹം ഇവിടുത്തെ പ്രശസ്ത ഡോക്ടറാണെന്നും വണ്ടാനത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും പറഞ്ഞു. വണ്ടാനത്ത് അന്വേഷിച്ചപ്പോൾ സംഭവം സത്യമാണ്. വണ്ടാനം സർക്കാർ ആശുപത്രിയിൽപ്പോലും ഇതുപോലെ ഒരു വ്യാജഡോക്ടർ കയറിക്കൂടിയത് എന്നിലുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല.

മെഡിക്കൽ സംഘടനകളിൽ പരാതി നൽകാമെന്നാണ് കരുതിയത്. പക്ഷെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനായ സുഹൃത്താണ് ആലപ്പുഴ സ്റ്റേഷനിൽ പരാതി നൽകാൻ പറഞ്ഞത്. ആലപ്പുഴ സ്റ്റേഷനിൽ അറിയിച്ചപ്പോൾ അവർക്കും ആദ്യം ഈ കഥ വിശ്വസിക്കാനായില്ല. ഡോക്ടറുടെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ഞങ്ങൾക്ക് പരിശോധിക്കാനാകുമോയെന്നാണ് അവർ ആദ്യം ചോദിച്ചത്. ഇത്ര പ്രശസ്തനായ ഒരു ഡോക്ടർക്കെതിരെ നീങ്ങിയിട്ട് വിവരം തെറ്റാണെങ്കിൽ അത് പൊലീസിന് നാണക്കേടാകുമായിരുന്നു. എന്റെ രജിസ്ട്രേഷൻ നമ്പരും സർട്ടിഫിക്കറ്റും എല്ലാം നോക്കിയതോടെ കാര്യങ്ങളുടെ സത്യാവസ്ഥ അവർക്കും ബോധ്യപ്പെട്ടു. അങ്ങനെയാണ് സാജനെ അറസ്റ്റ് ചെയ്യുന്നത്.

ത്വക്ക് രോഗ വിദഗ്ധനായിട്ടാണ് സാജൻ പ്രാക്ടീസ് ചെയ്തത്. പലരുടെയും രോഗം ചികിൽസിച്ച് ഭേദമാക്കിയിട്ടുമുണ്ട്. പക്ഷെ അതൊക്കെ എങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും അദ്ഭുതമാണ്. രോഗത്തെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളർക്കേ ത്വക്ക് രോഗമൊക്കെ ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കുകയുള്ളൂ. എനിക്ക് അയാളെ മനപൂർവ്വം ദ്രേഹിക്കണമെന്ന ഉദ്ദേശം ഒന്നുമില്ലായിരുന്നു. പക്ഷെ അദ്ദേഹം ചികിൽസിക്കുന്ന രോഗികളെക്കുറിച്ച് ആലോചിച്ചപ്പോൾ പരാതി നൽകാതിരിക്കാനായില്ല.– ഡോക്ടർ ജോൺ സൈമൺ പറഞ്ഞു.

വ്യാജ ഡോക്ടർ 4 ജില്ലകളിൽ ജോലി ചെയ്തത് 15 വർഷം