‘തുള്ളി’പ്പഠിപ്പിച്ച ടീച്ചറെപ്പോലെ ഇതാ മറ്റൊരു അധ്യാപകന്‍: വൈറല്‍ വിഡിയോ

ശിശുദിനത്തിന് കുഞ്ഞുങ്ങൾക്ക് നെഹ്റുവിന്റെ ജീവിതം ഒാട്ടൻതുള്ളലായി അവതരിപ്പിച്ച് സോഷ്യൽ ലോകത്തിന്റെ മനസ് പിടിച്ചുപറ്റിയ അധ്യാപികയെ പോലെ ൈവറലാവുകയാണ് ഇൗ അധ്യാപകനും. ജഗതിയുടെ പഴയ ക്ലാസ്റൂം കോമഡിയെ അനുസ്മരിപ്പിക്കും വിധം എല്ലാവരുടെയും മനസ് കവർന്നിരിക്കുകയാണ് ഇദ്ദേഹം. അധ്യാപകരായാൽ ഇങ്ങനെ വേണം എന്ന തലക്കെട്ടോടെ വിഡിയോ എല്ലാവരും ലൈക്കേറ്റുകയാണ്.

വിദ്യാർഥികളോട് സംവദിക്കുന്നതിനിടയിൽ പാട്ടുപാടുകയും അതിനൊത്ത് ചുവട് വയ്ക്കുകയും ചെയ്യുകയാണ് ഇദ്ദേഹം. താരകപ്പെണ്ണാളേ.. എന്ന ഗാനത്തിനാണ് ഇൗ അധ്യാപകൻ ക്ലാസ് റൂമിൽ കുട്ടികളെ സാക്ഷിയാക്കി ചുവട് വച്ചത്. സാറിന്റെ ചുവടുകൾ കണ്ടതോടെ വിദ്യാർഥികളും ആവേശത്തിലായി. അവർ ‍ഡെസ്ക്കിലടിച്ചും ഏറ്റുപാടിയും ക്ലാസ് ഗംഭീരമാക്കി. ഏത് സാഹചര്യത്തില്‍ എവിടെ പകര്‍ത്തിയതാണ് വിഡിയോ എന്നത് വ്യക്തമല്ല. എങ്കിലും ഇൗ ചുവടുകൾ ഗംഭീരമാണെന്നും വിദ്യാർഥികളുടെ നല്ല സുഹൃത്തായി മാറുന്ന അധ്യാപകർക്ക് ഇദ്ദേഹം മാതൃകയാണെന്നുമാണ് ലഭിക്കുന്ന കമന്റുകൾ. വിഡിയോ കാണാം.