കുഞ്ഞിനെപ്പോലെ ചുവടുകൾ; ഉയരെച്ചെന്നപ്പോള്‍ ഞെട്ടൽ; ആ 'ധന്യ'നിമിഷങ്ങള്‍

Image Courtesy: Facebook, Manu Mangalassery

ആ കാടും വനഭംഗിയും നിഗൂഢസൗന്ദര്യവും വിളിച്ചു, വിളി കേട്ട് ധന്യ ചെന്നു. വിലക്കുകളെ ഊർജമാക്കി, അധിക്ഷേപങ്ങളെ ഇന്ധനമാക്കി, അഗസ്ത്യാർകൂടം കാത്തുവെച്ച നിയോഗത്തിലേക്ക് ധന്യയെത്തി. ഉയരെച്ചെന്നപ്പോൾ മുട്ടുകുത്തി ആ മണ്ണിനെ ചുംബിച്ചു, എല്ലാവര്‍ക്കും നന്ദിയെന്നെഴുതിയ ബാനറെടുത്ത് വീശി. 'കോടാനുകോടി വർഷങ്ങൾ കൊണ്ടു രൂപം കൊണ്ട ശിലാഫലകമേ നിനക്കു വന്ദനം' എന്നു പറ‍ഞ്ഞു. 

നടന്നത് ചരിത്രമാണ്. അഗസ്ത്യാർകൂടം ട്രെക്കിങ്ങിൽ വനിതകൾക്കു പ്രവേശനം അനുവദിച്ചശേഷം ട്രെക്കിങ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ വനിതയാണ് ധന്യ സനൽ. പക്ഷേ ചരിത്രം കുറിക്കാൻ വേണ്ടി മാത്രമായിരുന്നില്ല ആ യാത്ര. പ്രകൃതി സ്നേഹം ചെറുപ്പം മുതലേ രക്തത്തിലുണ്ട്. സിവിൽ സർവീസിന് ജിയേോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു ഐച്ഛിക വിഷയങ്ങൾ. മഞ്ചേരി സ്വദേശിയാണ്. ഐ.ഐ.എസ് (ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്) ഉദ്യോഗസ്ഥയായ ധന്യ തിരുവനന്തപുരത്ത് പ്രതിരോധ വക്താവായി സേവനമനുഷ്ഠിക്കുകയാണ്. 

''എത്രയോ കോടി വർഷങ്ങൾ കൊണ്ടു രൂപം കൊണ്ട ശിലാഫലകമാണിത്. അതെന്നെ എപ്പോഴും ആകർഷിച്ചിരുന്നു. ആ പ്രകൃതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജൈവവൈവിധ്യവും എപ്പോഴും വിളിച്ചുകൊണ്ടേയിരുന്നു'', ധന്യ മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. വിധിക്കു ശേഷം ആദ്യമായി അഗസ്ത്യാര്‍കൂടം കയറിയ സ്ത്രീയെന്ന ത്രിൽ അല്ല, വര്‍ഷങ്ങളോളം മനസിൽ കൊണ്ടുനടന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ  സന്തോഷമായിരുന്നു ധന്യയുടെ വാക്കുകളിൽ. 

''രാമ, രഘുരാമ നാമിനിയും നടക്കാം

രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം

നോവിന്റെ ശൂലമുനമുകളില്‍ കരേറാം

നാരായബിന്ദുവില്‍ അഗസ്ത്യനെ കാണാം...''

ആതുരനായ രാമനെ, ലക്ഷ്മണൻ അഗസ്ത്യകൂടത്തിലേക്കു നയിക്കുന്നതായി കൽ‌പ്പിച്ചു കൊണ്ട് കവി മധുസൂദനൻ നായരെഴുതിയ ഈ വരികളാണ് ആ ചരിത്രയാത്ര സ്മരിച്ചുകൊണ്ട് ധന്യ ഫെയ്സ്ബുക്കിൽ കുറിച്ചത്. 

തയ്യാറെടുപ്പുകൾ, ആ മണിക്കൂറുകള്‍

''തയ്യാറെടുപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നും നടക്കാറുണ്ട്. ഇതിനായി മാത്രം പ്രത്യേകം ഒന്നും ചെയ്തില്ല. ചെങ്കുത്തായ പാറക്കെട്ടുകളും, മലനിരകളുമാണ് യാത്രയിലൂടനീളം. കുത്തനെയുള്ള കയറ്റം. മൊത്തം 40 കിലോമീറ്റര്‍. ഒരു വേള പോലും ഞാൻ ആവേശം കാണിച്ചില്ല. വളരെ ശ്രദ്ധിച്ചാണ് കയറിയത്. കുഞ്ഞിനെപ്പോലെ ചുവടുകള്‍ വെച്ചു. കയ്യിൽ വടിയുണ്ടായിരുന്നു. ചിലപ്പോൾ ഇരുന്നും കിടന്നുമൊക്കെ കയറി. അത്രയധികം ശ്രദ്ധിച്ചാണ് മുകളിലെത്തിയതും തിരിച്ചിറങ്ങിയതും''.

പിൻവിളികൾ

''പിന്തിരിപ്പാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്, ഭയപ്പെടുത്താനും. ഭയം തോന്നി പിന്‍വാങ്ങിയിട്ടെന്തു കാര്യം? ബാത്റൂമിൽ ഒന്നു കാലു തെറ്റി വീണാൽ മതി, നിങ്ങള്‍ക്ക് അപകടം സംഭവിക്കാം. പർവത യാത്രക്കിടെയും അപകടം സംഭവിക്കാം. അതൊന്നും നമ്മൾ തീരുമാനിക്കുന്ന കാര്യങ്ങളല്ല. പരിചയമില്ലാത്തവരുടെ കൂടെയുള്ള യാത്ര അപകടം നിറഞ്ഞതായിരിക്കുമെന്ന് ചിലർ പറ‍ഞ്ഞു. എൻറെ യാത്രകളെല്ലാം ഒറ്റക്കാണ്. ഒദ്യോഗിക കാര്യങ്ങൾക്കു വേണ്ടിയുള്ള യാത്രകളും ഒറ്റക്കാണ്. ഇത്തരം സന്ദർഭങ്ങളിൽ എപ്പോഴും പരിചയക്കാരെ ഒപ്പം കൂട്ടാൻ കഴിയില്ല''.

ചരിത്രനിമിഷം

''ആദ്യദിവസം തന്നെ രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ അക്കൂട്ടത്തിൽ സ്ത്രീയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നറിയില്ലായിരുന്നു. ആരൊക്കെയാണ് കൂടെ ഉണ്ടാവുകയെന്നും അറിയില്ല. പിന്നീട് ഒരു പത്രലേഖകൻ വിളിച്ചപ്പോഴാണ് വിധിക്കു ശേഷം ആദ്യമായി അഗസ്ത്യാര്‍കൂടം കയറാൻ പോകുന്ന സ്ത്രീ ഞാനാണെന്നറി‍ഞ്ഞത്. 

എനിക്കുണ്ടായ വികാരം ഞെട്ടലായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്കായിരുന്നു എന്നെക്കാള്‍ സന്തോഷം. ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാനും ഒപ്പം ചേരാനും കഴിഞ്ഞതിൽ''.

അഗസ്ത്യാർകൂടം കയറുന്ന സ്ത്രീകളോട്

''ആരോഗ്യവും ഫിറ്റ്നസും ശ്രദ്ധിക്കുക. ആവേശം കാണിക്കരുത്. പരിക്കുകളുണ്ടാകാതെ സൂക്ഷിക്കുക. സാവധാനം മാത്രം മല കയറുകയും തിരിച്ചിറങ്ങുകയും ചെയ്യുക''. 

അഗസ്ത്യാർകൂടം കാത്തിരിക്കുകയാണ്. ധന്യയുടെ പിൻഗാമികളെ, കൂടുതൽ പെണ്‍സ്പര്‍ശങ്ങളെ... വിലക്കുകളെ മറികടന്ന് ഉയരെ ആ മണ്ണിനെ ചുംബിക്കാനെത്തുന്ന സ്ത്രീകൾക്ക് പിന്തുണയും ഉപദേശവും നൽകാൻ ധന്യയുമുണ്ട്.....