ബെംഗളൂരുവിൽ കേരള ബസുകൾക്ക് കാവലായി ഒരാൾ; അപൂർവം ഈ ഇഷ്ടം; വിഡിയോ

ആനവണ്ടി കമ്പക്കാരുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച ഒരു കുറിപ്പാണ് കുറച്ച് നാളായി ചർച്ചാവിഷയം. കാരണം ഇതിലെ നായകൻ മനുഷ്യനല്ല. മറിച്ച് ഒരു നായയാണ്. കെഎസ്ആർടിസി ബസുകളെ ജീവനുതുല്യം സ്നേഹിക്കുന്ന നായ. കൗതുകവും അമ്പരപ്പുമുണ്ടാക്കുന്ന ഇൗ കഥ ആനവണ്ടി ട്രോവൽ ബ്ലോഗിൽ ജോമോൻ എന്ന വ്യക്തയാണ് പങ്കുവച്ചിരിക്കുന്നത്. ബെംഗളൂരു പീനിയ ബസവേശ്വരാ ബസ് ടെര്‍മിനലിലെ ജിന്റൊ എന്ന നായയാണ് താരം.

ജിന്റോയുടെ ഒരു ദിനം ആരംഭിക്കുന്നത് കേരളത്തിൽ നിന്നും എത്തുന്ന ബസുകൾക്കൊപ്പമാണ്. രാവിലെ ആദ്യ ബസ് എത്തുമ്പോഴേക്കും ജിന്റോ ഡ്യൂട്ടിക്കെത്തും. ആദ്യം യാത്ര കഴിഞ്ഞെത്തിയ ബസുകൾക്ക് ചുറ്റും ഒരു പരിശോധന. ജീവനക്കാരെ വാലാട്ടി സലാം വച്ചാണ്  ആദ്യ റൗണ്ട് പരിശോധന നടത്തുന്നത്. പിന്നീട് ജീവനക്കാർ നൽകുന്ന ഭക്ഷണം കഴിക്കും. അതിനുശേഷം ബസുകൾക്ക് സമീപം ഒരു ഉറക്കമാണ്. അപ്പോഴും ബസുകളുടെ അടുത്തേക്ക് പരിചയം ഇല്ലാത്ത ആളുകളോ വാഹനങ്ങളോ എത്തിയാൽ അപ്പോൾ സ്വഭാവം മാറും. ആറുമാസത്തോളം കേരളത്തിലെ ബസുകളുടെ ബെംഗളൂരുവിലെ കൂലി വേണ്ടാത്ത കാവൽക്കാരനാണ് ജിന്റോ.

പിന്നീട് ജീവനക്കാർ ഉച്ചയ്ക്ക് നൽകുന്ന അവരുടെ ഭക്ഷണത്തിന്റെ പങ്കും കഴിച്ച് ജിന്റോ ഉഷാറാകും. ബസുകൾ കേരളത്തിലേക്ക് തിരികെ മടങ്ങുമ്പോഴാണ് കാണേണ്ട കാഴ്ച. സ്റ്റാൻഡിൽ നിന്നും ബസ് പുറത്തേക്ക് പോകും വരെ ബസിനൊപ്പം ഒാടി എസ്കോർട്ട് നൽകും. അങ്ങനെ കേരളത്തിലേക്കുള്ള ഒാരോ ബസും ജിന്റോയുടെ മേൽനോട്ടത്തിലാണ് സ്റ്റാൻഡ് വിടുന്നത്. ജീവനക്കാർ കൊടുത്ത ഭക്ഷണത്തോടുള്ള നന്ദിക്ക് അപ്പുറം ജിന്റോയുടെ സ്നേഹം ഒാരോ ബെംഗളൂരു മലയാളിയും ആനവണ്ടി പ്രേമക്കാരും  ഏറ്റെടുത്തിരിക്കുകയാണ്.