ഒരു പാമ്പിന് പിന്നാലെ ചെന്നുനോക്കി; അമ്പതിലധികം അണലിപ്പട: ഞെട്ടി, വിഡിയോ

ഒരു പാമ്പ് ഇഴഞ്ഞുപോയതിന്റെ പിന്നാലെ പോയി ചെന്ന് നോക്കിയപ്പോൾ കണ്ടത് ഭയന്ന് രക്തം തണുത്തുപോകുന്ന കാഴ്ച. ഒന്നല്ല അമ്പതിലധികം അണലിക്കൂട്ടങ്ങൾ. യുഎസിലെ ‍ടെക്സാസിലുള്ള ബോബി കവാന്റെ കൃഷിയിടത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഡിസംബർ അവസാന വാരമാണ് സംഭവം. ബോബി കവാലും രണ്ടു സുഹൃത്തുക്കളും ചേർന്ന് കൃഷിഭൂമിയിൽ വളരെക്കാലമായി പൂട്ടിക്കിടന്ന ഷെഡു തുറക്കാൻ ചെന്നപ്പോൾ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് മൂവരുടേയും ശ്രദ്ധയിൽ പെട്ടു. പലകകൾ കൊണ്ടു നിർമിച്ച ഷെഡിന്റെ തറനിരപ്പിനടിയിലേക്കാണ് അത് ഇഴഞ്ഞു കയറിയത്.

ഷെഡ് ഉയർത്തി നോക്കിയപ്പോഴാണ് ഭയപ്പെടുത്തുന്ന കാഴ്ച അവർ കണ്ടത്. കൂട്ടമായി അണലികൾ ഷെഡിനടിയിൽ പതുങ്ങിയിരിക്കുന്നു. ഭീകരദൃശ്യങ്ങൾ കണ്ട് മൂവരും ഞെട്ടി പിന്നോട്ട് മാറി. ആദ്യം ഭയന്നെങ്കിലും പിന്നീട് ഷെഡ് ഉയർത്തി പിന്നിലേക്ക് മാറ്റിവച്ചു. അസാമാന്യമായ തണുപ്പായതിനാൽ വിഷപ്പാമ്പിൻ കൂട്ടം മെല്ലെയാണ് ഇഴഞ്ഞിറങ്ങിയത്. സുഹൃത്തായ മാറ്റ് സ്റ്റാൻലിയാണ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. പാമ്പുകളിൽ നിന്നു മൂവരും കൃത്യമായ അകലം പാലിച്ചിരുന്നതിനാൽ സുരക്ഷിതരായിരുന്നു.

അതീവ അപകടകാരികളായ അണലി പാമ്പുകളെ അവിടെ ഉപേക്ഷിക്കാൻ അവർ തയാറായില്ല. നീണ്ട കമ്പുകൾ ഉപയോഗിച്ച് പാമ്പുകളെ ഒഴിഞ്ഞ ജാറുകളിൽ നിറയ്ക്കുകയാണ് അവർ ആദ്യം ചെയ്തത്. അമ്പതിലധികം പാമ്പുകൾ അവിടെയുണ്ടായിരുന്നുവെങ്കിലും 36 എണ്ണത്തിനെ വരെയേ എണ്ണാൻ കഴിഞ്ഞുള്ളൂ. 

പിടികൂടിയ പാമ്പുകളെ പിന്നീട് ജനവാസ മേഖലയിൽ നിന്ന് അകന്നുമാറി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി തുറന്നു വിട്ടെന്ന് മൂവരും വ്യക്തമാക്കി. ബോബി കവാന്റെ ഭാര്യയായ ജെസീക്കയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ അപൂർവ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.