ഫ്രാങ്കോയും റോബിനച്ചനും അവര്‍ക്ക് മാന്യന്മാർ; ഞാന്‍ തെറ്റുകാരിയും; തളരില്ല: സിസ്റ്റർ ലൂസി

തന്നെ മോശമായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര. പൊതുസമൂഹത്തിന് മുന്നിൽ കന്യാസ്ത്രീ സമൂഹത്തെ അപഹാസ്യ വിഷയമാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാര്‍ത്തകളോടുള്ള പ്രതികരണം മനോരമ ന്യൂസ് ഡോട്ട് ക‌ോമുമായി പങ്കുവെക്കുകയായിരുന്നു സിസ്റ്റർ ലൂസി. 

‘ചെയ്ത തെറ്റുകളെന്തെന്ന് വ്യക്തമായി പറയാതെയാണ് എനിക്കെതിരെ ലേഖനങ്ങള്‍ പിറക്കുന്നത്. എന്തെങ്കിലുമൊക്കെ എഴുതി തന്റെ വ്യക്തിത്വത്തെയും സന്യാസജീവിതത്തെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്''-സിസ്റ്റർ ലൂസി പറഞ്ഞു. 

അച്ചടക്കലംഘനം നടത്തിയിട്ടില്ല

സഭ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാത്തതുകൊണ്ടാണത്രേ ഈ ഒറ്റപ്പെടുത്തല്‍. സമരപ്പന്തലിൽ പോയതും നിലപാടുകൾ തുറന്നുപറഞ്ഞതും സന്യാസത്തിന് ചേരുന്നതല്ലെന്ന് അവർ പറയുന്നു. അതിലെന്താണ് തെറ്റ്? 

വൈദികർക്കും കന്യാസ്ത്രീകൾക്കും തെറ്റുകൾ െചയ്യാം. പക്ഷേ അത് പുറത്തുകൊണ്ടുവരാൻ പാടില്ല. നിശബ്ദരായിരുന്നാൽ, എന്ത് തെറ്റ് ചെയ്താലും ബ്രഹ്മചര്യം തെറ്റിച്ചാലും കുഴപ്പമില്ല. അവരാണ് യഥാർഥ സന്യാസിയെന്നും പ്രശംസിക്കും. അതിന് തെളിവാണല്ലോ ബിഷപ്പ് ഫ്രാങ്കോയും റോബിനച്ചനും. ഇവരെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ? എന്തുകൊണ്ട് ലേഖനങ്ങൾ വന്നില്ല? 

കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാത്തവരുടെ ഭാഗത്താണ് തെറ്റ്. എന്തുകൊണ്ട് കന്യാസ്ത്രീയുടെ വേദനയിൽ അവർ പങ്കുചേർന്നില്ല? സഭയിൽ കന്യാസ്ത്രീകൾ പീഡിപ്പിക്കുന്നുണ്ടെങ്കിൽ തെറ്റ് അംഗീകരിക്കുകയും നടപടി എടുക്കുകയുമാണ് വേണ്ടത്. 

എന്നാൽ സിസ്റ്റർ ലൂസി സന്യാസത്തിനെതിരെയാണ് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് എന്നെ ദ്രോഹിക്കുകയാണ് ഇവർ ചെയ്യുന്നത്. ഫ്രാങ്കോയുടെയും ഫാദർ റോബിന്റെയും തെറ്റുകൾ കാണാതെ ഞാൻ തെറ്റ് ചെയ്തു എന്ന് പറയുന്നവരുടെ കണ്ണുകളിൽ തിമിരം ബാധിച്ചിരിക്കുന്നു. 

ചുരിദാർ ധരിച്ചതില്‍ എന്താണ് തെറ്റ്?

വടക്കേ ഇന്ത്യയിൽ പല മഠങ്ങളിലും സിസ്റ്റർമാർ സാരി ധരിക്കുന്നുണ്ട്. അവിടുത്തെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങള്‍ക്കിടയിൽ പ്രവര്‍ത്തിക്കാനാണ് സാരി എന്ന വേഷത്തിലേക്ക് മാറിച്ചിന്തിച്ചത്. പുരോഗമന ചിന്ത സമർപ്പണ ജീവിതത്തിലെ വസ്ത്രത്തിൽ കൊണ്ടുവന്നു എന്നതിൽ എന്താണ് തെറ്റ്? യാത്രാസൗകര്യത്തിന് വേണ്ടി ഇനിയും അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കും. 

ഒറ്റപ്പെടുത്താൻ നിർദേശം

കന്യാസ്ത്രീസമൂഹത്തിൽ ഒരാളുടെയും പിന്തുണ എനിക്കൊപ്പമില്ല. ഒറ്റപ്പെടുത്താൻ നിർദേശമുണ്ടെന്നാണ് തോന്നുന്നത്. എന്നോട് സംസാരിച്ചാൽ എന്റെ ആശയങ്ങളും ആദർശങ്ങളും അവരെ സ്വാധീനിക്കും. അവരും നവീകരണത്തിന്റെ പാതയിലേക്ക് വരുമെന്ന് കരുതിയിട്ടാകാം സംസാരിക്കരുതെന്ന് പോലും പറഞ്ഞിട്ടുണ്ടാകുക. 

തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ സ്വയം പുറത്തുപോകും

ഒറ്റക്കെട്ടായി എന്നെ ഒറ്റപ്പെടുത്തി പുറത്താക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. പക്ഷേ ഞാൻ പുറത്താകുന്നില്ലല്ലോ? തെറ്റ് ചെയ്യാത്ത എന്നെ എങ്ങനെ അവർ പുറത്താക്കും? പതിനേഴാമത്തെ വയസ്സുമുതൽ സന്യാസജീവിതമാണ് നയിക്കുന്നത്. അത് നല്ല രീതിയിൽ മനോഹരമായാണ് ജീവിച്ചതെന്ന് എനിക്കറിയാം. ‌‍

തെറ്റ് ചെയ്തെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ സ്വയം പുറത്തുപോകും. അതിന് ആരുടെയും അനുവാദം വേണ്ട. 

തളരില്ല, നിലപാടിൽ നിന്ന് പിന്നോട്ടില്ല

യേശുക്രിസ്തു പഠിപ്പിച്ചതല്ല ഇവിടെ നടക്കുന്നത്. തെറ്റ് കണ്ടാൽ മിണ്ടാതിരിക്കണം എന്ന് യേശു പറഞ്ഞിട്ടില്ല. വളരെ വിപ്ലവകരമായാണ് അന്നുവരെ നിലകൊണ്ട അധികാരവർഗ്ഗത്തെ യേശു ചോദ്യം ചെയ്തത്. കപടപൗരോഹിത്യത്തിനെതിരെയും അനീതിയെയും യേശു ചോദ്യം ചെയ്തിട്ടുണ്ട്. യേശു കൊല്ലപ്പെട്ടു. ചിലപ്പോള്‍ അതൊക്കെ ഞാനും നേരിടേണ്ടി വന്നേക്കാം. പക്ഷേ, തളരില്ല, നിലപാടുകളിൽ നിന്ന് പിന്നോട്ടില്ല.  

എന്റെ ജീവിതമാണ് എന്റെ പ്രാർഥന

ഒറ്റപ്പെട്ടവരോട് കൂടെയിരിക്കാനാണ് ഞാനെന്റെ ജീവിതം മാറ്റിവെച്ചിരിക്കുന്നത്. യേശുക്രിസ്തു പഠിപ്പിച്ചതും അതുതന്നെയാണ്. ആ യേശുക്രിസ്തുവിന്റെ ആശയങ്ങൾ എന്നിൽ ദൃഡമായി നിർത്തണേ എന്നും തളർത്തരുതേ എന്നുമാണ് പ്രാർഥിക്കാറ്.