ആലപ്പാടുനിന്നും യുവതികൾ മല കയറുന്നു; 'വ്യാജ'പോസ്റ്റുകള്‍; ഞെട്ടിച്ച ക്യാംപെയിൻ

കരിമണൽ ഖനനത്തിനെതിരെ അതിജീവനപോരാട്ടം തുടരുന്ന ആലപ്പാടിനായി സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ക്യാംപെയിനുകൾ. സിനിമാതാരങ്ങളടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പാടിനായി രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ 'വ്യാജ' വാർത്തകളായും ലിങ്കുകളായും ആലപ്പാടിനെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള നീക്കത്തിലാണ് സോഷ്യൽ മീഡിയ. 

'15 രൂപക്ക് ബിയർ കിട്ടുന്ന കേരളത്തിലെ ഒരേയൊരു സ്ഥലം കാണണോ..എങ്കിൽ താഴത്തെ ലിങ്കിൽ നോക്കൂ'; ബിയറിന്റെ ചിത്രത്തിനൊപ്പമുള്ള ഈ ക്യാപ്ഷൻ കണ്ട് യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ നേരെ ചെല്ലുന്നത് 'സേവ് ആലപ്പാട്' വാർത്തയിലേക്കാണ്. 

'ആലപ്പാടിൽ നിന്നും രണ്ട് യുവതികൾ നാളെ ശബരിമല കയറുന്നു' എന്ന തരത്തിലൊരു ചിത്രവും പ്രചരിക്കുന്നുണ്ട്. വേറെ വഴി ഇല്ലാഞ്ഞിട്ടാണെന്നും ഇത് കണ്ടിട്ടെങ്കിലും അധികൃതർ ആലപ്പാടിന്റെ പ്രശ്നങ്ങൾ മുഖവിലക്കെടുത്തിരുന്നെങ്കിൽ എന്ന കുറിപ്പിനൊപ്പമാണ് ഈ ചിത്രം പ്രചരിപ്പിക്കുന്നത്. 

സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ് എന്നീ ഹാഷ് ടാഗുകളില്‍ ആലപ്പാടിനുവേണ്ടി സോഷ്യൽ മീഡിയ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. നടൻ പൃഥ്വിരാജ്, അനു സിതാര, രജിഷ വിജയൻ, പ്രിയ വാരിയർ, ധനേഷ് ആനന്ദ് തുടങ്ങി നിരവധി പേരാണ് ആലപ്പാടിനായി രംഗത്തുവന്നത്. 

ഖനനത്തിനെതിരെ ആലപ്പാട്ടുകാർ കഴിഞ്ഞ 70 ദിവസത്തോളമായി സമരത്തിലാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണ് നാട് ഒന്നിച്ച് സമര രംഗത്ത് എത്തിയത്.