അഞ്ചു ലക്ഷം രൂപ മുടക്കി കാറ്ററിങ്ങുകാരെ ഏൽപ്പിച്ചു; എന്നിട്ടും വിവാഹത്തിന് ഭക്ഷണമില്ല

എന്നും ഓർത്തുവയ്ക്കാൻ കഴിയുന്ന നല്ല ഓർമ്മകൾ നിറഞ്ഞതായിരിക്കും വിവാഹ ദിവസം. എന്നാൽ ഫിലിപ്പീന്‍സ് ദമ്പതികളെ സംബന്ധിച്ചിടത്തോളം അതൊരു കയ്പ്പേറിയ അനുഭവമായി മാറി. വിവാഹത്തിന് ദമ്പതികളെയും അതിഥികളെയും ഒരുപോലെ വഞ്ചിച്ചത് കാറ്ററിങ് കമ്പനിയാണ്.    

അഞ്ചു ലക്ഷം രൂപ മുടക്കിയാണ് ദമ്പതികളായ ഷൈന്‍ തമയോയും ജോണ്‍ ചെനും ഭക്ഷണമൊരുക്കാൻ കാറ്ററിങ് സര്‍വീസിനെ ഏൽപ്പിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് വിരുന്നിനായി എത്തിയ ദമ്പതികള്‍ ഞെട്ടി. ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികൾ ഭക്ഷണമില്ലാതെ ഇരിക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. അന്വേഷിച്ചപ്പോൾ കാറ്ററിങ് യൂണിറ്റ് ഭക്ഷണം കൊണ്ടുവന്നിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. 

ഉടന്‍തന്നെ സുഹൃത്തുക്കള്‍ ഇടപെട്ട് നഗരത്തിലെ റസ്‌റ്റോറന്റുകളില്‍ നിന്ന് നൂഡില്‍സ് ഓര്‍ഡര്‍ ചെയ്ത് അതിഥികൾക്ക് വിളമ്പി. എന്നിട്ടും ദുരിതം തീർന്നില്ല. ദമ്പതികള്‍ പരസ്പരം മധുരം നുകര്‍ന്നാണ് പുതുജീവിതത്തിലേക്ക് കടക്കുന്നത്. ഇതിനായി ഒരുക്കിവച്ച കേക്ക് മുറിച്ചതോടെ ദമ്പതികളുടെ നിയന്ത്രണം വിട്ടുപോയി. വേദിയില്‍ അലങ്കരിച്ചു വച്ച കേക്കിനുള്ളില്‍ മുഴുവന്‍ തെര്‍മോക്കോള്‍. ഇതോടെ നവവധു വേദിയില്‍ പൊട്ടിക്കരഞ്ഞു. ചടങ്ങുകൾക്ക് ശേഷം ദമ്പതികള്‍ അന്നു രാത്രിതന്നെ കാറ്ററിങ് സർവീസിനെതിരെ പൊലീസില്‍ പരാതി നൽകി.