വൃദ്ധയുടെ കണ്ണീര് തുടച്ച ഡെലിവറി ബോയ്; മനുഷ്യപ്പറ്റിന് കയ്യടി: കുറിപ്പ്

ചിലപ്പോഴൊക്കെ അറിയാക്കരങ്ങളിലൂടെ മനുഷ്യത്വം നമ്മളെ തേടിവരുമെന്നു തെളിയിച്ചിരിക്കുകയാണ് ഈ യുവാവ്. തൊടുപുഴയിലെ വൃദ്ധക്കും കൊച്ചുമകനും തുണയായത് ഒരു ഫ്ളിപ്കാർട്ട് ഡെലിവറി ബോയ് ആണ്, അതും എന്തു ചെയ്യണമെന്നറിയാത്ത നിസഹായതയില്‍ ഇരിക്കുന്ന നേരത്ത്. ഡെലിവറി ബോയ് ആയ ഷംനാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മനുഷ്യത്വം വെളിവാക്കുന്ന ആ സംഭവം പുറത്തുവന്നത്.

ഷംനാസിന്റെ കുറിപ്പ്:

''ഇന്നലെ ഫ്ലിപ്കാർട്ടിന്റെ ഒരു ഡെലിവെറിയുമായി തൊടുപുഴയിലെ ഒരു ഹോസ്പിറ്റലിൽ ചെന്നു.. കസ്റ്റമറിന്റെ കൈയിൽ നിന്ന് കാശും വാങ്ങി ഇറങ്ങുമ്പോഴാണ് 40 വയസ്സ് തോന്നിക്കുന്ന ഒരു 'അമ്മ റിസപ്ഷന് മുന്നിൽ ഇരിക്കുന്ന എല്ലാവരുടെയും മുന്നിൽ ഒരു മൊബൈൽ ഫോണുമായി നടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.. പത്രത്തിൽ മുഴുകി ഇരിക്കുന്ന മുതിർന്നവരും മൊബൈലിൽ പബ്ജി കളിച്ചു ലൈഫ് കോഞ്ഞാട്ടയാക്കുന്ന ന്യൂ ജെനെറേഷൻ പുള്ളകളും ആ അമ്മയെ മൈൻഡ് ചെയ്യുന്ന പോലുമില്ല.. വല്ല ലോക്കും തുറക്കാനോ അല്ലേൽ റീചാർജ് ചെയ്യുവാനോ ആയിരിക്കുമെന്ന് കരുതി ഞാൻ അവരുടെ അടുത്ത് ചെന്ന്.. കലങ്ങിയ അവരുടെ കണ്ണുകൾ കണ്ടപ്പോൾ മനസ്സിലായി അവർക്കു വേറെ എന്തോ ആണ് പ്രശ്നമെന്ന്..ൽ ഞാൻ ചോദിച്ചു എന്ത് പറ്റി ചേച്ചീ ഫോണിന് എന്ന്‌... അപ്പൊ അവർ പറഞ്ഞു മോൻ ഈ ഫോൺ ഒന്നെടുത്തിട്ട് എനിക്കൊരു 1500 രൂപ തരണമെന്ന്... ഞാൻ ആകെ വല്ലാണ്ടായി..

എന്താണ് പ്രശ്‌നം എന്ന് തിരക്കിയപ്പോൾ അവർ പറഞ്ഞു പേര് മീനാക്ഷിയെന്നാണ് വണ്ണപ്പുറത്താണ് വീട് കൊച്ചുമകനെയും കൊണ്ട് മരുന്നിനു വന്നതാണ്.. പക്ഷെ ചികിത്സയും മരുന്ന് മെഡിക്കലും ഒക്കെ കഴിഞ്ഞപ്പോ കയ്യിലുള്ള ക്യാഷ് തികഞ്ഞില്ല... കയ്യിലുള്ളത് കൊച്ചുമകന്റെ മൊബൈൽ ആണ്.. അത് വിറ്റാൽ കിട്ടുന്ന പണം കൊണ്ട് മരുന്നും മേടിച്ചു അവർക്കു മടങ്ങണം... കൂടുതൽ അന്വേഷിച്ചപ്പോൾ അവരുടെ മകന് മരണപെട്ടതാണ്. ഭാര്യ വിവാഹമോചനം നേടി പോയതുമാണ്. ഈ കൊച്ചുമകനും അമ്മയും മാത്രമാണ് താമസം. കൊച്ചുമകൻ അരുൺ ഒരു 18 വയസ്സ് കാണും. ഹോട്ടലിൽ വെയ്റ്ററാണ്. അതാണവരുടെ ആകെ വരുമാനം.. ആ പയ്യനെ ഞാനൊന്നു നോക്കി പനിച്ചു അവശനാണ്...

എനിക്ക് അവരുടെ അവസ്ഥ കണ്ട് സഹായിക്കണം എന്നുണ്ട്. എന്നാൽ ബാഗുമായി ഡെയിലി 400രൂപയ്ക്കു ഡെലിവെറിക്ക് പോകുന്ന ഞാൻ എങ്ങിനെ സഹായിക്കുമെന്ന് ഓർത്തപ്പോഴാണ് ആ 'അമ്മ വീണ്ടും മൊബൈൽ എന്റെ നേരെ നീട്ടിയത് . നല്ല പഴക്കം ഉണ്ട് ആ മൊബൈലിനു. കൂടാതെ കുറച്ചു പൊട്ടലും ഏറിവന്നാൽ ഒരു 800 രൂപ കിട്ടും.. എന്നാലും ഞാൻ അത് അവരുടെ കൈയിൽ നിന്ന് വാങ്ങി. തൊടുപുഴ സ്റാൻഡിലുള്ള സുഹൃത്തിന്റെ മൊബൈൽ കടയിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ അവൻ ഒരു 700 രൂപ തരാം എന്നുപറഞ്ഞു... അത് ഒന്നുമാകില്ലന്നു പറഞ്ഞപ്പോൾ അവൻ 200 രൂപകൂടി കൂട്ടി തരാം എന്ന് പറഞ്ഞു. പക്ഷെ അതുകൊണ്ടും തീരില്ലല്ലോ... അവസാനം അവന്റെ കൈയിൽ നിന്ന് 500 രൂപ കടം വാങ്ങി ഞാൻ അവിടെനിന്നു ഇറങ്ങി..

അടുത്തുള്ള സ്റ്റേറ്റ് ബാങ്ക് എടിഎം കയറി ബാലൻസ് നോക്കി 1300രൂപ. അതിൽ നിന്നു 1000 രൂപയും എടുത്തു ആശുപത്രി ലക്ഷ്യമാക്കി പറന്നു... അവിടെ ചെന്നപ്പോൾ ആ അമ്മ ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു "മോനെ പൈസ കിട്ടിയോ??" ഞാൻ പറഞ്ഞു കിട്ടിയെന്നു. ഇന്ജെക്ഷന്റെ ക്ഷീണമുണ്ടെങ്കിലും ആ പയ്യൻ എന്റെ നേരെ ഒന്ന് നോക്കി. അവനറിയായിരിക്കണം ആ ഫോണിന് 1500 കിട്ടില്ല. എന്ന് എന്നാലും ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ ഞാൻ നിന്ന്... അവസാനം മരുന്നും മേടിച്ചു അവരെ തൊടുപുഴ സ്റ്റാൻഡിൽ നിന്ന് വണ്ണപ്പുറം ബസിനു കയറ്റി യാത്രയാക്കൻ നേരം ആ അമ്മ പറഞ്ഞു മോനേ മോൻ ആരാണെന്നറിയില്ല പക്ഷെ എവിടെ പോയാലും മോന് ഐശ്വര്യവും ഉയർച്ചയും ഉണ്ടാകും... പാതി കേൾകാത്തതാണെങ്കിലും വികാരം നിറഞ്ഞ ആ അമ്മയുടെ വാക്കുകൾ എന്റെ ചെവിയിൽ ഇപ്പോഴും മുഴങ്ങുന്നു...

ചിലപ്പോ നമ്മുടെ കുറച്ചു സമയവും നമ്മൾ ചുമ്മാ പിടിച്ചിരിക്കുന്ന രൂപയും ഉണ്ടെങ്കിൽ ചില മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ കഴിയുമെന്ന ചിന്തയോടെ ആ മൊബൈലും പോക്കറ്റിലിട്ടു അടുത്ത ഡെലിവെറിക്കായി ഞാൻ തൊടുപുഴ ജ്യോതി സൂപ്പർ ബസാർ ലക്ഷ്യമാക്കി നീങ്ങി.

എന്റെ ഈ ഒരു പോസ്റ്റ് ഞാനെന്തോ മഹത്തരം ചെയ്തു എന്ന് വിളിച്ചറിയിക്കുവാൻ വേണ്ടിയല്ല... ഒരു ചെറിയ ആശയം നിങ്ങള്ക്ക് നല്കാൻ ആണ്.. നമ്മുടെ മുന്നിൽ കൈനീട്ടുന്നവരെ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ നേരെ നമ്മുടെ കണ്ണ് ഒന്ന് തുറന്നാൽ നാളെ നമുക്ക് ഒരു ആവശ്യം വരുമ്പോൾ പതിനായിരം കൈകൾ നമുക്കുമുന്നിൽ പ്രത്യക്ഷപ്പെടും. മറ്റുള്ളവരെ സഹായിക്കാൻ വലിയ ഉദ്യോഗമോ പണമോ പ്രശസ്തിയോ ഒന്നും വേണ്ട. നന്മ നിറഞ്ഞൊരു മനസ്സ് മതി അത് എല്ലാവര്ക്കും ഉണ്ടാകട്ടെ''.