ഇരുമ്പുവേലിയില്‍ കുടുങ്ങി; നെഞ്ചുതകര്‍ന്ന് കൊമ്പനാനയ്ക്ക് ദാരുണാന്ത്യം

കടപ്പാട്– ട്വിറ്റർ

കര്‍ണാടകയിലെ നാഗര്‍ഹോള ദേശീയ പാര്‍ക്കിലെ കമ്പിവേലിയില്‍ കുടുങ്ങിയ കൊമ്പനാനയ്ക്ക് ദാരുണാന്ത്യം. കമ്പിവേലിയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് 42 വയസുള്ള ആന ചെരിഞ്ഞത്. കാട്ടില്‍ നിന്നും ഗ്രാമീണ മേഖലയിലേക്കെത്തിയ ആനയെ ഗ്രാമീണര്‍ ചേര്‍ന്ന് തിരിച്ച് കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു. 

ഇതിന്റെ ഇടയ്ക്കാണ് വനം വകുപ്പ് 212 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സുരക്ഷ ഇരുമ്പ് വേലിയില്‍ കൊമ്പൻ കുടുങ്ങിയത്. വേലി കടക്കാനുള്ള ശ്രമം വിഫലമായി. വേലിയിൽ കുടുങ്ങി ആനയുടെ നെഞ്ചും ശ്വാസകോശവും തകര്‍ന്നതിനെ തുടർന്നാണ് മരണം സംഭവിച്ചത്. രക്ഷപെടാൻ ശ്രമിക്കുംതോറും നെഞ്ച് കൂടുതൽ അമര്‍ന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.

കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകൾക്ക് ഇതിന് മുമ്പും ദാരുണാന്ത്യം ഉണ്ടായിട്ടുണ്ട്. പാലക്കാട് – വാളയാർ പാതയിൽ ട്രെയിനിടിച്ച് നിരവധി ആനകൾ ചരിഞ്ഞിട്ടുണ്ട്.  2015ലാണ് നാഗര്‍ഹോള്‍ ദേശീയ പാർക്കിന് ചുറ്റും റെയില്‍വേ ഇരുമ്പ് കൊണ്ട് വേലി സ്ഥാപിച്ചത്.