ഫ്രീക്കൻ ബൈക്ക് പിടിച്ചെടുത്തു; ഇതേത് കമ്പനി ? തലപുകച്ച് ഉദ്യോഗസ്ഥർ

രൂപമാറ്റം വരുത്തിയ ‘ഫ്രീക്കൻ ബൈക്കിന്’ മോട്ടർ വാഹന വകുപ്പിന്റെ പൂട്ട്. പിടികൂടിയ ബൈക്ക് ഏതു കമ്പനിയുടേതാണെന്നു കണ്ടെത്താൻ ഉദ്യോഗസ്ഥർ പാടുപെട്ടു.  അത്രയധികം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പൊന്നാനി കൊല്ലൻപടിയിലെ വാഹന പരിശോധനയ്ക്കിടെയാണ് ബൈക്ക് പിടികൂടിയത്.

വിവിധ ബൈക്കുകളുടെ ഭാഗങ്ങൾ ചേർത്തുവച്ചാണ് ‘ഫ്രീക്കനാക്കി’യിരിക്കുന്നത്. നമ്പർ പ്ലേറ്റും രേഖകളും ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദുചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർടിഒ സി.യു. മുജീബ് അറിയിച്ചു. എംവിഐ ഫെനിൽ  ജയിംസ്, എഎംവിഐ കെ.സി. മധു എന്നിവർ ചേർന്നാണ് ബൈക്ക് പിടികൂടിയത്.