ശബരിമലയില്‍ ഈ ബാലികയോട് ക്രൂരതയെന്ന് പ്രചാരണം; പൊളിച്ച് സോഷ്യല്‍ മീഡിയ

‘ഇൗ ചിത്രത്തിൽ കാണുന്ന ശബരിമല ദർശനനത്തിനെത്തിയ പെൺകുട്ടിയെ കേരള സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നു’. കേട്ടപ്പാതി കേൾക്കാത്തപ്പാതി മൽസരിച്ച് ഷെയറും ലൈക്കും പ്രതിഷേധ കമന്റുകളും. തെലങ്കാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദു ഹിന്ദുത്വം എന്ന പേജിലാണ് ഇൗ അടിക്കുറിപ്പോടെ ബാലതാരം അക്ഷര കിഷോറിന്റെ ചിത്രം ഷെയർ ചെയ്യുന്നത്. ശബരിമല വിഷയത്തിൽ വ്യാജവാർത്തകൾ പടച്ചുണ്ടാക്കി ദേശീയ തലത്തിൽ സർക്കാരിനെതിരെ വൻപ്രചാരണമാണ് സംഘപരിവാർ ഗ്രൂപ്പുകൾ നടത്തുന്നത്. ഇക്കൂട്ടത്തിലൊന്നാണ് അക്ഷര കിഷോറിന്റെ ചിത്രം. 

കഴിഞ്ഞ വർഷം അക്ഷര കിഷോർ അഭിനയിച്ച അയ്യപ്പഭക്തി ഗാന ആൽബത്തിൽ നിന്നുള്ള ചിത്രമാണിത്. ഇൗ ചിത്രം അക്ഷര ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. ഇതാണ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ‘കേരളസര്‍ക്കാരിന്റെ ഹൈന്ദവ നായാട്ട്’ എന്നൊക്കെ തലക്കെട്ട് നല്‍കി സംഭവം സൈബര്‍ ലോകത്ത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇതേ കുട്ടി ദാരുണമായി കൊല്ലപ്പെട്ടെന്ന് വരെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മലയാളി സൈബർ പോരാളികൾ സത്യം പുറത്തുകൊണ്ടുവന്നു. 

‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തി ഗാനത്തിന്റെ വിഡിയോ പങ്കുവച്ചാണ് ഇൗ പെരും നുണ പൊളിച്ചടിക്കിയത്.  എങ്കിലും ഇൗ ചിത്രം സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.