'ഷിബുലാൽ ജി'യെ സിനിമയിലെടുത്തു; വധഭീഷണിയുണ്ട്; ട്രോൾ നിർത്തില്ല; അഭിമുഖം

സോഷ്യൽ മീഡിയയിൽ രാഷ്ട്രീയത്തിലെ രസങ്ങളെയും ശരികേടുകളെയും ട്രോളി അനുയായികളെ സ്വന്തമാക്കിയ പ്രമോദ് മോഹൻ തകഴി, സിനിമയിലേക്ക്. അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന 1994 എന്ന ചിത്രത്തിലാണ് പ്രമോദിന് അവസരം ലഭിച്ചിരിക്കുന്നത്. കൂത്തുപറമ്പിന്റെ കഥ പറയുന്ന ചിത്രമാണ് 1994. സിനിമയെക്കുറിച്ചും ട്രോളുകളെക്കുറിച്ചുമുള്ള വിശേഷങ്ങൾ പ്രമോദ് മനോരമ ന്യൂസ് ഡോട്ട് കോമുമായി പങ്കുവെച്ചു.

''അനസ് കടലുണ്ടിയുടെ ആദ്യചിത്രമാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയിൽ ആരംഭിക്കും. ചെറിയൊരു വേഷമാണ്. അനസ് തന്നെ വിളിച്ച് സിനിമയിൽ അവസരമുണ്ടെന്ന് അറിയിക്കുകയായിരുന്നു. മലയാളം, തമിഴ് താരങ്ങൾ അഭിനയിക്കുന്ന ചിത്രമാണ്. കാസ്റ്റിങ് അടുത്ത മാസം പൂർത്തിയാകും, പ്രമോദ് പറയുന്നു.

എല്ലാം 'ട്രോളിൽ' തുടങ്ങി

ഈ കാലഘട്ടത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങൾ കണ്ടതോടെ ഇതിനെതിരെ പ്രതികരിക്കണം എന്ന് തീരുമാനിച്ചു. വെറുതെ വിമർശിച്ചാൽ പോരെന്ന് തോന്നി. അതുകൊണ്ട് ആക്ഷേപഹാസ്യത്തിന്റെ വഴി തിരഞ്ഞെടുത്തു. കേട്ടാൽ അവർ പോലും വിശ്വസിക്കുന്ന തരത്തിൽ, കളിയാക്കി വിഡിയോകളെടുത്തു. അങ്ങനെയാണ് തുടക്കം. 

ആദ്യവിഡിയോ വൈറലായതിന് പിന്നാലെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. രാഷ്ട്രീയനേതാക്കളിൽ പലരും നേരിട്ട് വിളിച്ചിരുന്നു. 

ഷിബുലാൽ ജി എന്ന പേര്

ആദ്യമായി ട്രോൾ വിഡിയോ സഞ്ജീവനി ഗ്രൂപ്പിലൂടെയാണ് സോഷ്യൽ മീഡിയയിലെത്തുന്നത്. അവർ തന്നെയാണ് ഷിബുലാൽ ജി എന്ന പേര് നിർദേശിക്കുന്നത്. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും തകഴിയിലെ ആർഎസ്എസ് നേതാക്കളുമെല്ലാം ഷിബുലാൽ ജി എന്നാണ് വിളിക്കുന്നത്. 

ഭീഷണികളെ വകവെക്കുന്നില്ല

കമ്മ്യൂണിസ്റ്റ് അനുഭാവിയാണ് ഞാൻ. നാട്ടിലുണ്ടായിരുന്നപ്പോൾ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തകഴിയിലെ ഡിവൈഎഫ്ഐ നേതൃനിരയിലുണ്ടായിരുന്നു. പിന്നീടാണ് ഗൾഫിലെത്തുന്നത്. ഇപ്പോൾ അഞ്ച് വർഷമായി പ്രവാസജീവിതം നയിക്കുകയാണ്. ഖത്തറിലാണ് ജോലി. വിഡിയോക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വധഭീഷണിയും വെല്ലുവിളികളുമൊക്കെ നിരവധി വന്നിരുന്നു. അതൊന്നും വകവെക്കുന്നില്ല. മറഞ്ഞിരുന്നുകൊണ്ടുള്ള ഭീഷണികളല്ലേ, കാര്യമാക്കുന്നില്ല. 

വ്യാജപ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കുന്നത് തുടരുമെന്നും പ്രമോദ് പറഞ്ഞു.