കുടുംബത്തെ പരിഹസിച്ചു; കെയ്റ്റും വില്യമും അന്ന് പിരിഞ്ഞു: വെളിപ്പെടുത്തല്‍

എത്ര മനോഹരമായ ബന്ധമാണെങ്കിലും ചെറിയ പിണക്കങ്ങൾ എങ്കിലും ഇല്ലാതിരിക്കില്ല. ലോകം മുഴുവൻ വാഴ്ത്തുന്ന മനോഹരമായ ദാമ്പത്യമാണ് രാജകുമാരൻ വില്യത്തിന്റെയും കെയ്റ്റ് മിഡിൽടണ്ണിന്റെയും. മൂന്നുകുഞ്ഞുങ്ങളുള്ള ദമ്പതികൾ ദാമ്പത്യത്തിന്റെ ഏഴാംവർഷത്തിലേക്ക് കടന്ന വേളയിലാണ് ഇവരുടെ ഇടയിലും വിള്ളൽ വീണിട്ടുണ്ടായിരുന്ന വിവരം പുറത്തുവരുന്നത്.

പ്രണയകാലത്തായിരുന്നു ഇത്. ഇടയ്ക്കിരുവരും ബന്ധം അവസാനിപ്പിച്ച് അകന്നു കഴിഞ്ഞിട്ടുണ്ട്. 2007ലായിരുന്നു ഇത്. 2002 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. കെയ്റ്റിന്റെ മധ്യവർഗകുടുംബപശ്ചാത്തലമാണ് വേർപിരിയാൻ കാരണമായത്. ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെങ്കിലും വില്ല്യം രാജകുമാരന്റെ ചില സുഹൃത്തുക്കൾ കെയ്റ്റിന്റെ കുടുംബപശ്ചാത്തലം ചൂണ്ടികാട്ടി പരിഹസിക്കാറുണ്ടായിരുന്നു. കെയ്റ്റിന്റെ അമ്മ എയർഹോസ്റ്റസായിരുന്നു, അവരുടെ ജോലിയെയാണ് രാജകുടുംബത്തിലുള്ളവർ പരിഹസിച്ചിരുന്നത്. ഇത് കെയ്റ്റിന് മനോവിഷമം ഉണ്ടാക്കിയതിനെ തുടർന്നാണ് ഇരുവരും പിരിയാൻ തീരുമാനിക്കുന്നത്.

വേർപിരിയലിന് ശേഷമാണ് വില്ല്യം രാജകുമാരൻ പട്ടാളത്തിൽ പ്രവേശിക്കുന്നത്. എന്നാൽ അധികകാലം അകന്ന് നിൽക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും വീണ്ടും ഒരുമിച്ചു. അധികം വൈകാതെ തന്നെ വിവാഹിതരുമായി. വേർപിരിഞ്ഞു നിന്ന കാലം സ്വയം മനസിലാക്കാനും, സ്നേഹം തിരിച്ചറിയാനും കൂടുതൽ ശക്തരാകാനുമുള്ള അവസരമാണ് നൽകിയതെന്ന് ഇരുവരും പറഞ്ഞു.