ധർമജന്റെ രണ്ടാം ഭാര്യ എന്തു ചെയ്യുന്നു..?’; ചോദ്യമെറിഞ്ഞ് റിമി; പിന്നാലെ ചിരി: വിഡിയോ

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിൽ അതിഥിയായെത്തിയ ധർമജനെ കൊട്ടി റിമിടോമി. താൻ നിർമിച്ച 'നിത്യഹരിത നായകനി'ലെ 'മകരനിലാവിൽ' എന്ന ഗാനം പാടുകയായിരുന്നു ധർമജൻ. നിരവധി സ്റ്റേജ് ഷോകളില്‍ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ധർമജൻ ഒരു ഗാനം മൂളിപ്പോലും കേട്ടിട്ടില്ലെന്നും ഇത്രയും ഗംഭീരമായി പാട്ടുപാടിയതിനു അഭിനന്ദനങ്ങൾ എന്നും റിമി പറഞ്ഞു. 

പിന്നീടായിരുന്നു എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുള്ള റിമിയുടെ ചോദ്യം. 'ധർമുന്റെ രണ്ടാമത്തെ ഭാര്യ എന്തു ചെയ്യുന്നു'. 'സുഖമായി ഇരിക്കുന്നു' എന്നായിരുന്നു ധർമജന്റെ മറുപടി. എന്നാല്‍ ധർമജനൊപ്പം അതിഥികളായി എത്തിയ മഞ്ജു പിള്ളയ്ക്കും ബിജുക്കുട്ടനും സംഗതി ആദ്യം പിടികിട്ടിയില്ല. പിന്നീടാണു റിമി ഉദ്ദേശിച്ചതു രമേഷ് പിഷാരടിയെയാണെന്നു അവർക്കു മനസ്സിലായത്. 

ധർമജനോടു രണ്ടാമത്തെ ഭാര്യയെ പറ്റി തമാശ രൂപേണ ചോദിച്ച റിമിയുടെ വാക്കുകൾ ഇങ്ങനെ: 'ഒരുദിവസം അമേരിക്കയിൽ പരിപാടിക്കു പോയപ്പോൾ ഒരാൾ ധർമജനെ കണ്ടോ, പിഷാരടിയെ കണ്ടോ. പിഷാരടിയെ കണ്ടോ എന്നു ചോദിച്ചു നടക്കുകയായിരുന്നു. കാരണം ഏതു പരിപാടിക്കു പോയാലും ഇവർ ഒരുമിച്ചായിരിക്കും ഉണ്ടാവുക. അത്രയും നല്ല സൗഹൃദമാണ് ഇവരുടേത്.' 

ഇപ്പോഴും ഒരു മാറ്റവും വരാത്ത സൗഹൃദമാണ് പിഷാരടിയുമായി തനിക്കുള്ളതെന്നു ധർമജൻ പറഞ്ഞു. തുടര്‍ന്ന് നിരവധി ഗാനങ്ങളും ആലപിച്ചാണ് ധർമജനും ബിജുക്കുട്ടനും മഞ്ജുവും വേദി വിട്ടത്.