മരിച്ചുപോയ ഉടമയ്ക്കായി 80 ദിവസമായി ഈ നായയുടെ കാത്തിരിപ്പ്; മഹാസ്നേഹം, വിഡിയോ

കാത്തിരിപ്പിന്, കാലം എന്നുകൂടി അർഥമുണ്ടെന്ന് പലപ്പോഴും മിണ്ടാപ്രാണികൾ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ മഹാപ്രളയസമയത്ത് മാധ്യമങ്ങളിലും സോഷ്യൽ ലോകത്തും സ്നേഹത്തിന്റെ പ്രതീക്ഷയായത് ഇത്തരം മൃഗങ്ങളായിരുന്നു. എന്നാൽ മരിച്ചുപോയ ഉടമയ്ക്ക് വേണ്ടി അയാൾ വിട്ടിട്ടുപോയ അതേ തെരുവിൽ കാത്തിരിക്കുന്ന നായയുടെ സ്നേഹത്തെ ‘നന്ദിയുള്ള മൃഗ’മെന്ന ഒറ്റ വാക്കിൽ പറയാൻ കഴിയില്ല. അത്രത്തോളമുണ്ട് ആ കാത്തിരിപ്പ്. 

മംഗോളിയയിൽ നിന്നാണ് പകരം വയ്്ക്കാനില്ലാത്ത സ്നേഹക്കാഴ്ച. തന്റെ ഉടമ വാഹനാപകടത്തിൽ മരിച്ച അതേ റോഡിൽ ഇൗ നായ കഴിഞ്ഞ എണ്‍പതുദിവസമായി കാത്തിരിക്കുകയാണ്. രാവും പകലും അവൻ അവിടെ തന്നെ ഉടമയെ കാത്തിരിക്കുന്നു. ഇൗ കാത്തിരിപ്പ് ആദ്യമൊന്നും ജനം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് പതിയെ അവന്റെ സ്നേഹത്തിന്റെ ആഴം എല്ലാവരും തിരിച്ചറിഞ്ഞു. ആരെങ്കിലും കൂട്ടിക്കൊണ്ടുപോകാൻ വന്നാൽ ഒാടി മാറുകയാണ് പതിവ്. അവർ പോയതിന് ശേഷം പഴയ സ്ഥലത്ത് എത്തി കാത്തിരിക്കും. സമീപത്തെ ടാക്സി ഡ്രൈവർമാർ കൊടുക്കുന്ന ഭക്ഷണം അവൻ കഴിക്കും. എന്നാൽ ഇവർ അടുത്ത് വന്നാലും അവൻ ഒാടിയാെളിക്കും. പകരം വയ്ക്കാനില്ലാത്ത ഇൗ സ്നേഹക്കാഴ്ച സോഷ്യൽ ലോകത്തും വൈറലാണ്. 

ലോകത്ത് ഇതിനുമുൻപും ഇത്തരം സ്നേഹം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരിച്ചുപോയ ഉടമ തിരിച്ചുവരും എന്ന് വിശ്വസിച്ച് വർഷങ്ങളോളം റയിൽവെ സ്റ്റേഷനിൽ കാത്തിരുന്ന ഹാച്ചിക്കോ എന്ന നായയുടെ കഥ ലോക പ്രസിദ്ധമാണ്. ലോകമാകെ ആഘോഷിച്ച സ്നേഹമായിരുന്നു അത്. ഒൻപതു വർഷമായിരുന്നു ഹാച്ചിക്കോ ഉടമയ്ക്ക് വേണ്ടി കാത്തിരുന്നത്.