സേവനം മതിയാക്കി നാട്ടിലേക്ക് വരികയാണ്; പറഞ്ഞതിന്റെ പിറ്റേന്ന് വീരമൃത്യു; തേങ്ങൽ

ഹൃദയം തകർന്ന്: കശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ ആന്റണി സെബാസ്റ്റ്യന്റെ ഏക സഹോദരി നിവ്യ എറണാകുളം ഉദയംപേരൂരിലെ വീട്ടിൽ. ചിത്രം: ടോണി ഡൊമിനിക്

‘‘ഒക്ടോബർ രണ്ടിനാണ് അവസാനമായി അവൻ നാട്ടിൽ വന്നുപോയത്. സേവനം മതിയാക്കി മാർച്ചിൽ നാട്ടിലേക്ക് വരാനാകുമെന്ന് പറഞ്ഞതു കഴിഞ്ഞ ദിവസമാണ്’’– ധീര ജവാൻ ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ച വാർത്തയറിഞ്ഞ അമ്മ ഷീല ഉദയംപേരൂരിലെ യേശുഭവൻ എന്ന വീട്ടിലിരുന്ന് തേങ്ങലോടെ പറഞ്ഞു.  സേവനം 15 വർഷം പൂർത്തിയായ 2017ൽ അവൻ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. എന്നാൽ അതു സാധ്യമായില്ല. അതു നടന്നിരുന്നുവെങ്കിൽ ഇന്ന് ഈ വീട്ടിൽ ജീവനോടെ അവനുണ്ടാകുമായിരുന്നു– സഹോദരന്റെ ആകസ്മികദുരന്തമറിഞ്ഞ് വീട്ടിലെത്തിയ ചേച്ചി നിവ്യയും തേങ്ങലടക്കി പറഞ്ഞു. 

വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു അത്. വീട്ടിലേക്ക് വൈകുന്നേരത്തോടെയാണ് ആദ്യവിവരമെത്തുന്നത്. പരുക്കേറ്റ വിവരമാണ് ആദ്യമെത്തിയത്. പിന്നീട് തിരിച്ചുവിളിച്ചപ്പോൾ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരീ ഭർത്താവ് ജോൺസിനും പരുക്കേറ്റ വിവരം മാത്രമാണ് ആദ്യം കൈമാറിയത്

വീട്ടുകാരെ എങ്ങനെ വിവരം അറിയിക്കുമെന്ന ആശങ്കയോടെ അറിഞ്ഞവരാരും വീട്ടിലേക്ക് കയറാൻ ധൈര്യപ്പെട്ടില്ല. പ്രാർഥനാഗ്രൂപ്പിലെ ചിലരാണ് ആദ്യം വീട്ടിലെത്തി കാര്യം ധരിപ്പിച്ച് ആശ്വസിപ്പിച്ചത്. ഇതുൾക്കൊള്ളാനാവാതെ ഭാര്യ ഡയാന പൊട്ടിക്കരയുന്നുണ്ടായിരുന്നു. സംഭവമറിയാതെ മകൻ അയ്ഡൻ (7) അമ്മയോടു ചേർന്നു നിൽക്കുന്നുമുണ്ടായിരുന്നു. പ്രഭാത് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് അവൻ. 

കശ്മീരിൽ നിയന്ത്രണ രേഖയ്ക്കു സമീപം വെടിനിർത്തൽ കരാർ ലംഘിച്ചു പ്രകോപനമില്ലാതെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് എറണാകുളം ഉദയംപേരൂർ സ്വദേശി ജവാൻ  കെ.എം. ആന്റണി സെബാസ്റ്റ്യൻ (34) വീരമൃത്യു വരിച്ചത്. 

നിയന്ത്രണ രേഖയ്ക്കു (എൽഒസി) സമീപം കൃഷ്ണഘട്ടി സെക്ടറിൽ (മെൻഥാർ) ആണ് പാക്ക് സൈന്യം വെടിവയ്പ് ആരംഭിച്ചത്. ഹവിൽദാർ ഡി. മാരിമുത്തുവിന് ഗുരുതര പരുക്കേറ്റു. ഇദ്ദേഹത്തെ പൂഞ്ചിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ‌