അതിജീവന സന്ദേശവുമായി കൂട്ട ഓട്ടം; 6000 പേരുടെ പങ്കാളിത്തം

അതിജീവന സന്ദേശവുമായി കൊച്ചിക്കാരുടെ കൂട്ട ഓട്ടം. ആറായിരത്തോളം പേരാണ് നഗരത്തിൽ നടന്ന മാരത്തണിന്റെ ഭാഗമായത്.

അവധി ദിനത്തിന്റെ ആലസ്യമില്ലാതെ അതികാലത്തെ കൊച്ചി ഓടിത്തുടങ്ങി. പുലർച്ചെ നാലു മണിക്ക് തുടങ്ങിയ ഫുൾ മാരത്തണിൽ പങ്കെടുത്തത് മുന്നൂറോളം പേർ.

ഒരു മണിക്കൂറിന്റെ ഇടവേളയിൽ ഹാഫ് മാരത്തണിന് കൊടി ഉയർന്നപ്പോൾ ഓടാനുണ്ടായിരുന്നവരുടെ എണ്ണം  ആയിരം കടന്നു. മൂന്ന് മണിക്കൂറും പതിനെട്ട് മിനിട്ടും കൊണ്ട് 42 കിലോ മീറ്റർ താണ്ടിയ  പി.എസ്.മഹേഷും, മൂന്നു മണിക്കൂർ 41 മിനിട്ടു കൊണ്ട് ഓട്ടം പൂർത്തിയാക്കിയ ആരാധനാ റെഡ്ഡിയുമായിരുന്നു ഫുൾ മാരത്തൺ പുരുഷ വനിത വിഭാഗങ്ങളിലെ ജേതാക്കൾ.

ഹാഫ്മാരത്തൺ വനിതാ വിഭാഗത്തിൽ മെറിൻ മാത്യു വിജയിയായപ്പോൾ ഒരു മണിക്കൂറും ഇരുപത്തിയെട്ട് മിനിട്ടും കൊണ്ട് ഇരുപത്തിയൊന്നര കിലോമീറ്റർ കൊണ്ട് ഓടിയെത്തിയ നഗരത്തിലെ ഐസ് ക്രീം പാർലർ ജീവനക്കാരനായ ഉത്തർ പ്രദേശ് സ്വദേശി സഞ്ജയ് അഗർവാൾ പുരുഷവിഭാഗത്തിൽ ഒന്നാമനായി.

പിന്നാലെ നടന്ന ഫൺ റണ്ണിൽ നഗരവാസികളായ നാലായിരത്തോളം പേരാണ് കൂട്ടത്തോടെ ഓടിയത്. 

ഓടി ജയിച്ചവർക്കു മാത്രമല്ല പങ്കെടുത്തവർക്കെല്ലാം മെഡലുകൾ സമ്മാനമായി കിട്ടി.