ജിമ്മിജോര്‍ജിന്‍റെ നാട് ഗ്രീന്‍ പേരാവൂര്‍ മാരത്തണിനായി ഒരുങ്ങി; കായികപ്രേമികൾ ആവേശത്തിൽ‌

വോളിബോള്‍ ഇതിഹാസം  ജിമ്മിജോര്‍ജിന്‍റെ നാട്  ഗ്രീന്‍  പേരാവൂര്‍ മാരത്തണിനായി ഒരുങ്ങി. ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിന്‍റെ നേതൃത്വത്തിലാണ്  പങ്കാളിത്തം കൊണ്ട് കേരളത്തിലെ രണ്ടാമത്തെ മാരത്തണിന് വേദിയൊരുങ്ങുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം പങ്കെടുക്കാവുന്ന  വ്യത്യസ്ത ഘട്ടങ്ങളായാണ് മാരത്തണ്‍ ക്രമീകരിച്ചിരിക്കുന്നത്. 

2017 ല്‍ തുടക്കമിട്ട  ഗ്രീന്‍പേരാവൂര്‍ മാരത്തണ്‍  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയിരുന്നു. മലയോരമേഖലയില്‍ നിന്ന് സ്ത്രീകളും കുട്ടികളും കായികപ്രേമികളുമെല്ലാം ഡിസംബര്‍ 22 ന്  നടക്കുന്ന  മാരത്തണില്‍ അണിനിരക്കുന്നുണ്ട്.. ജീവിതശൈലിരോഗങ്ങളെ  പ്രതിരോധിക്കുക,  വ്യായാമശീലങ്ങള്‍ വളര്‍ത്തുക, കുട്ടികളില്‍ കായികക്ഷമത വളര്‍ത്തുക എന്നീ ലക്ഷ്യമിട്ട് തുടങ്ങിയ മാരത്തണിന്‍റെ ചുക്കാന്‍ പിടിക്കുന്നത് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജാണ്. ..ജിമ്മി ജോര്‍ജിന്‍റെ സഹോദരന്‍ ജോബി ജോര്‍ജും സെബാസ്റ്റ്യന്‍ ജോര്‍ജും റിട്ട.ഐജി ജോസ് ജോര്‍ജും അടങ്ങുന്ന ജിമ്മി ജോര്‍ജ് കുടുംബം മുഴുവന്‍ മാരത്തണില്‍  ജനത്തിനൊപ്പം ഒാടും.. 

പത്തരകിലോമീറ്റര്‍ ഒാപ്പണ്‍ വിഭാഗവും പതിനെട്ട് വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമാരത്തണ്‍ നടത്തും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമായി ഫണ്‍ റണ്ണും സംഘടിപ്പിച്ചിട്ടുണ്ട് ..ചേംബര്‍ ഒാഫ് പേരാവൂരും ജിമ്മിജോര്‍ജ് ഫൗണ്ടേഷനും ചേര്‍ന്നാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്..മാരത്തണില്‍ പങ്കെടുക്കാന്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ട അവസാനദിവസം ഡിസംബര്‍ 15 ആണ്.