ചങ്കിടിപ്പായ ലാലേട്ടനെ കാണണം; കണ്ണീരോടെ രണ്ട് കിഡ്നിയും തകരാരിലായ വിഷ്ണു പറയുന്നു

വൃക്കരോഗം സമ്മാനിച്ച വേദനയും പേറി ജീവിക്കുകയാണ് ഈ പതിനെട്ടുകാരൻ പേര് വിഷ്ണു. വേദനകൾ മാത്രമാണ് ഈ കാലയളവിൽ ഈ കൗമാരക്കാരന് കൂട്ട്. സ്വപ്നങ്ങൾ പാതി വഴിക്കായി, പ്രതീക്ഷകൾ കൈയ്യാലപുറത്തായി എന്നിട്ടും ചില ഇഷ്ടങ്ങൾ അവനെ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ്.

രണ്ട് കിഡ്നിയും തകരാരിലായ വിഷ്ണുവിന് ഒരൊറ്റ മോഹമുണ്ട്, തന്റെ ചങ്കിടിപ്പായ ലാലേട്ടനെ ഒരു നോക്കു കാണണം. ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം. 

അസുഖം മാറി വീണ്ടും പഠിക്കാൻ പോകണമെന്ന ആഗ്രഹവും വിഷ്ണു മറച്ചു വെക്കുന്നില്ല.  ലാലേട്ടൻ കാണുംവരെ ഈ വിഡിയോ ഷെയർ ചെയ്യണമെന്നും വിഷ്ണു എന്ന് പരിചയപ്പെടുത്തി കൗമാരക്കാരൻ വിഡിയോയിലൂടെ ആവശ്യപ്പെടുന്നു.

''മോഹൻലാൽ ഫാൻസ് അസോസിയേഷനിലെ ചേട്ടന്മാരെ, ഞാനും ലാലേട്ടന്റെ ആരാധകനാണ്. പക്ഷേ എനിക്കൊരു അസുഖമുണ്ട്. എന്റെ രണ്ട് കിഡ്നിയും തകരാറിലാണ്.ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി എസ്എടി മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എന്റെ അമ്മയാണ് എനിക്ക് ഒരു കിഡ്നി തന്നത്. പക്ഷേ ആ കിഡ്നി നാല് മാസം മാത്രമെ പ്രവർത്തിച്ചുള്ളൂ. 

എനിക്കൊരു ആഗ്രഹമുണ്ട്. ലാലേട്ടനെ കാണണം. ഒരു ഫോട്ടോയെടുക്കണം. അസുഖം മാറി പഠിക്കാൻ പോകണമെന്ന് ആഗ്രഹമുണ്ട്. പതിനെട്ട് വയസ്സായി. രണ്ട് അനിയന്മാരാണ് എനിക്ക്. അവരൊക്കെ പഠിക്കുകയാണ്. ''ഇനിയും ഓപ്പറേഷൻ ബാക്കിയുണ്ട്. എന്റെ അച്ഛൻ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഓപ്പറേഷന് ആറോ ഏഴോ ലക്ഷം രൂപ ചിലവുവരും. എന്റെ അച്ഛനെക്കൊണ്ട് അതുണ്ടാക്കാൻ കഴിയില്ല'', വിഷ്ണു പറയുന്നു.തന്റെ ഫോണ്‍നമ്പറും വിഷ്ണു വിഡിയോയിലൂടെ പങ്കുവെക്കുന്നു.