ബാലു അണ്ണൻ വിദേശത്ത് പോയെന്ന് മനസ്സിനെ പഠിപ്പിച്ചു; ലക്ഷ്മിച്ചേച്ചിയെ കണ്ടു; ഇഷാന്റെ കുറിപ്പ്

അന്തരിച്ച വയലനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് സുഹൃത്തും സംഗീതസംവിധായകനുമായ ഇഷാൻ ദേവ്. ബാലു അണ്ണന്റെ സ്ഥാനത്തുനിന്ന്  ഒരുപാട് ദൂരം നയിക്കേണ്ട ആളാണ് ലക്ഷ്മിയെന്ന് ഇഷാൻ പറയുന്നു. ആരാധകരുടെ കരുതലും പ്രാർഥനയും ഇനിയുമുണ്ടാകണമെന്നും ഇഷാൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കുറിപ്പ് വായിക്കാം:

ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ്, ലക്ഷ്‌മി ചേച്ചി അന്ന് മുതൽ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടിൽ പോയി ചേച്ചിയെ കണ്ടു ,അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു.. 

എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നിൽ പോയി കരഞ്ഞു ശീലമില്ല, ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻതുണയാകണം. 

അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണൻ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു

ആയിരങ്ങളുടെ അഭ്യർത്ഥന കണ്ടാണ് ഞാനീ പോസ്റ്റ്‌ ഇടുന്നത് ,നിങ്ങൾ കാണിക്കുന്നകരുതലും ,പ്രാർത്ഥനയും ഇനിയുമുണ്ടാകണം.

സെപ്തംബർ അവസാനമാണ് വയലിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് അപകടത്തിൽപ്പെട്ടത്. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല, ഡ്രൈവറും സുഹൃത്തുമായ അർജുൻ എന്നിവരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു.

തിരുവനന്തപുരത്തെ വീട്ടിൽ അതിജീവനത്തിന്റെ പാതയിലാണ് ലക്ഷ്മി. പ്രിയപ്പെട്ടവരുടെ കരങ്ങൾ നൽകുന്ന സുരക്ഷിതത്വത്തിലാണവർ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ലക്ഷ്മിക്കൊപ്പമുണ്ട്.  മാനസികമായും ശാരീരികമായും പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിന് ലക്ഷ്മിക്കു കൂടുതൽ വിശ്രമം ആവശ്യമാണ്

ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, സുഹൃത്ത് അർജുൻ എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒക്ടോബര്‍ രണ്ടിനാണ് പ്രിയപ്പെട്ടവരെ കണ്ണിരീലാഴ്ത്തി ബാലഭാസ്കർ വിടവാങ്ങിയത്. ആരോഗ്യനില ഭേദപ്പെട്ടുതുടങ്ങിയതിന് ശേഷം മാത്രമാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണ വിവരം ലക്ഷ്മിയെ അറിയിച്ചത്. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു വരികയാണ് ലക്ഷ്മി.സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇപ്പോൾ ലക്ഷ്മിക്കു കഴിയും. വലതുകാലിലെ പരുക്കു കൂടി ഭേദമായാൽ നന്നായി നടക്കാനാകും. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ഡ്രൈവർ അർജുൻ നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.