ചുഴലിക്കാറ്റെടുത്ത ജീവിതങ്ങൾ; രണ്ടുഗ്രാമങ്ങളെ ഏറ്റെടുത്ത് രാം ചരൺ; കയ്യടി

ആന്ധ്രാ പ്രദേശിൽ ചുഴലിക്കാറ്റ് വൻ നാശം വിതച്ച രണ്ടു ഗ്രാമങ്ങളെ ഏറ്റെടുത്ത് തെലുങ്ക് നടൻ രാം ചരൺ. ശ്രീകുളം, വിജയനഗരം എന്നിവിടങ്ങളിലെ രണ്ടു ഗ്രാമങ്ങളെ പുനർനിർമിക്കാനാണ് രാം ചരണിന്റെ ശ്രമം. 

നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിന്റെ അഭ്യർഥനയെത്തുടർന്നാണ് രാം ചരൺ മുന്നിട്ടിറങ്ങിയത്. ശ്രീകുളത്തെ ഗ്രാമങ്ങൾ സന്ദർശിച്ച ശേഷം താരങ്ങളോട് സഹായമഭ്യർഥിച്ച് പവൻ കല്യാൺ രംഗത്തെത്തിയിരുന്നു. ‌‌

ചുഴലിക്കാറ്റ് ബാധിച്ച സ്ഥലങ്ങൾ രാം ചരൺ സന്ദർശിച്ചിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ടുകണ്ടതിനാൽ ഗ്രാമങ്ങളെയും അവിടുത്തെ ജനങ്ങളെയും പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ അധികം ആലോചിക്കേണ്ടി വന്നില്ലെന്ന് രാം ചരൺ പറയുന്നു. 

''ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഞാനും സുഹൃത്തുക്കളും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു'', രാം ചരൺ പറഞ്ഞു. 

താരങ്ങളായ ജൂനിയർ എൻടിആർ, അല്ലു അർജുൻ, വരുൺ തേജ്, നിഖിൽ സിദ്ധാർഥ എന്നിവരും ഗ്രാമങ്ങളെ സഹായിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.