സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി; ഉള്ളില്‍ മറ്റൊരു ‘നിധി’: ഒരു ഒച്ചിന്‍റെ കഥ

മ്യാന്‍മറില്‍ കുന്തിരക്കപ്പശയിൽ നിന്നും ലഭിച്ചത് സ്വർണ്ണത്തേക്കാൾ വിലയുള്ള നിധി.  9.9 കോടി വർഷം പഴക്കമുള്ള ഒച്ചിന്റെ ശരീരമാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. ഇതോടൊപ്പം തന്നെ ചെറിയ കേടുപാടുകളുള്ള മറ്റൊരു ഒച്ചിന്റെ ശരീരവും ലഭിച്ചു. ഇത്തരത്തിൽ കോടിക്കണക്കിനു വർഷം പഴക്കമുള്ള ഒച്ചിന്റെ പുറന്തോട് ഇതാദ്യമായാണു ലഭിക്കുന്നതും. 

ടി–റെക്സ്, വെലോസിറാപ്റ്റർ തുടങ്ങിയ ‘പ്രശസ്ത’ ദിനോസറുകളുടെ കാലത്താണ് ഈ ഒച്ചുകളും ജീവിച്ചിരുന്നത്– ക്രെറ്റേഷ്യസ് യുഗത്തിൽ. അങ്ങനെ കുന്തിരിക്കപ്പശയിൽ നിന്നു ലഭിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒച്ചിന്റെ ഫോസിലെന്ന വിശേഷണവും ഇതിനു ലഭിച്ചു. ഇന്നത്തെ കാലത്തെ ഒച്ചുകളുടെ പൂർവികരാണെന്നു വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ഈ ഒച്ചുകളുടെയും ശരീരപ്രകൃതി. 2016ലാണ് ഈ ഫോസിൽ മ്യാൻമറിൽ നിന്നു ലഭിക്കുന്നത്. 

പാറകളിലും മറ്റും പറ്റിപ്പിടിച്ച നിലയിലുള്ള ഒച്ചിന്റെ ഫോസിലുകൾ നേരത്തേ ലഭിച്ചിട്ടുണ്ട്. എന്നാൽ ശരീരത്തിലെ മൃദുഭാഗങ്ങൾക്കു പോലും കേടുപാടുകളില്ലാതെ ലഭിക്കുമെന്നതാണ് കുന്തിരിക്കത്തില്‍കുടുങ്ങിയാലുള്ള ഗുണം. കുന്തിരിക്കത്തിന്റെ പശ ഊറി വരുന്നതിനിടെ മരത്തിൽ കയറുമ്പോഴോ അതിനു ചുവടെയിരിക്കുമ്പോഴോ അതിനകത്തു പെട്ടുപോയ ഉറുമ്പ്, ഈച്ച, കൊതുക് തുടങ്ങിയവയുടെയും ഫോസിലുകൾ നേരത്തേ ലഭിച്ചിട്ടുണ്ട്. ഒരു ദിനോസറിന്റെ വാലു പോലും അത്തരത്തിൽ ലഭിച്ചിട്ടുണ്ട്. 3-ഡി രൂപത്തിൽ ഇവയെ കാണാനാകുമെന്നതാണു വലിയ പ്രത്യേകത. അതും കോടിക്കണക്കിനു വർഷം മുൻപത്തെ അതേ ആകൃതിയിൽ. 

പശയിൽ കുടുങ്ങുമ്പോൾ ഒച്ചിനു ജീവനുണ്ടായിരുന്നുവെന്നാണു കരുതുന്നത്. അതിൽ നിന്നു രക്ഷപ്പെടാനും ശ്രമിച്ചിട്ടുണ്ട്. ശരീരം വലിഞ്ഞിരിക്കുകയായിരുന്നു എന്നതാണ് അതിന്റെ തെളിവായി ഗവേഷകർ പറയുന്നത്. ചൈനയിലെ ഡെക്‌സു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയന്റോളജിയുടെ ശേഖരത്തിലാണ് ഒച്ച് ഇപ്പോഴുള്ളത്. ഇതിനെപ്പറ്റി വിശദമായി പഠിച്ച് ഗവേഷകർ റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്.