‘ഒന്നിനുമല്ലാതെ എന്തിനോ..’; ബാലുവിന്‍റെ പാട്ട് വായിച്ച് ബിജിപാല്‍; കണ്ണുനിറയും വിഡിയോ

വായിച്ച് തീരും മുൻപേ മുറിഞ്ഞു പോയ ഗാനമായി ബാലഭാസ്കർ മടങ്ങി.  കളിച്ചും ചിരിച്ചും ജീവിച്ചും മതിയാകാത്ത തിരുവനന്തപുരത്ത് തൈക്കാട് ശാന്തികവാടത്തില്‍ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അന്ത്യകർമ്മം. കരച്ചിലടക്കാൻ പാടുപെടുകയാണ് കേരളം. മലയാളത്തിന്‍റെ ഹൃദയതന്ത്രികളില്‍ നോവിന്‍റെ ഒരായിരം ശ്രുതിമീട്ടിയാണ് പ്രിയ കലാകാരന്റെ മടക്കം. . ശാന്തികവാടം വരെയുള്ള  അന്ത്യയാത്രയുടെ സമയത്തും തന്റെ പ്രിയപ്പെട്ട വയലിൻ, സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ നെഞ്ചോടു ചേർത്തുവച്ചിരുന്നു. 

ബാലഭാസ്കറിനെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്ന ഈണമായിരിക്കും ‘നിനക്കായ്..’ എന്ന ആല്‍ബത്തിലെ ‘ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം...’ എന്ന ഗാനം. ബാലഭാസ്കർ എന്ന സംഗീത സംവിധായകന് വലിയ അംഗീകാരം നേടിക്കൊടുത്ത ഗാനമായിരുന്നു ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം. ജയചന്ദ്രന്‍, സംഗീത എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന്‍റെ വരികള്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍റേതാണ്. ഈസ്റ്റ് കോസ്റ്റിന്‍റെ ആദ്യമായ്, നിനക്കായ് എന്നീ ആല്‍ബങ്ങളിലെ ഗാനങ്ങളെല്ലാം അക്കാലത്ത് വലിയ ഹിറ്റുകളായ മാറിയതാണ്. 

വളരെ കുറച്ചുകാലം കൊണ്ട് തന്നെ മലയാളികളുടെ സംഗീതാസ്വാദനത്തിന് വേറിട്ട തലം നൽകിയ മഹാനായ കലാകാരന്  ബാലഭാസ്കറിന്റെ മനോഹരഗാനം കൊണ്ട് അര്‍ച്ചന നടത്തുകയാണ് സുഹൃത്ത് ബിജിബാല്‍. ബാലഭാസ്കറിന് ഏറെ പ്രിയപ്പെട്ട വയലിനില്‍ ബിജിബാൽ വായിക്കുമ്പോൾ മനസിൽ വേദന നിറയും, കണ്ണിൽ കണ്ണുനീരും.  സംഗീതം കൊണ്ട് പ്രിയപ്പെട്ടവനെ യാത്രയാക്കുന്ന ബിജിബാൽ. സങ്കടകാഴ്ചകൾ പെരുകയാണ്. നിലയ്ക്കാത്ത ആ സംഗീതം മാത്രം ഓർമ്മയാകുന്നു.