കാറിന്റെ ചില്ലുകൾ പൊടിക്കുന്ന സ്പ്രേ; മോഷണം; ഉടമകൾ അറിയാൻ

കാറിന്റെ ചില്ലുകൾ പൊടിച്ചു കളയുന്ന രാസപദാർഥം സ്പ്രേ ചെയ്ത ശേഷം കാറിനുള്ളിൽ മോഷണം നടത്തുന്ന സംഘം സജീവം. മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികൾക്കാണ് അനുഭവം.    തിങ്കളാഴ്ച ഉച്ചയോടെ എറണാകുളം എംജി റോഡിൽ കവിതാ തിയറ്ററിനു സമീപം കീച്ചേരിപ്പടി മുനീറിന്റെ മകൾ ഡോ. മുന്നുവിന്റെ കാറിന്റെ ചില്ലു തകർത്ത‍ായിരുന്നു മോഷണം‌. 

വിദേശത്തു ജോലി ചെയ്യുന്ന ഡോ. മ‌ുന്നു നാട്ടിൽ അവധിക്കെത്തിയശേഷം തിരിച്ചു പോകുന്നതിന്റെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ എംജി റോഡിലെ വ്യാപാര കേന്ദ്രത്തിലെത്തിയതായിരുന്നു. ഇത്തരത്തിൽ മൂന്നു മോഷണങ്ങൾ മുൻപ് എംജി റോഡിൽ നടന്നെന്നു പൊലീസ് പറയുന്നു.  കാർ പാർക്കു ചെയ്ത സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ പിന്നിലെ ചില്ലു പൊടിഞ്ഞു സീറ്റിൽ കിടക്കുന്നതാണു കണ്ടത്.

കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗ് നഷ്ടപ്പെട്ടു. ഐപാഡും കുറച്ച് ഒമാൻ റിയാലും ബാഗിലുണ്ടായിരുന്നതായി മുന്നു നൽകിയ പരാതിയിൽ പറയുന്നു.  പ്രത്യേകതരം സ്പ്രേ കാറിന്റെ ചില്ലുകളിൽ അടിച്ചാൽ അൽപ്പം കഴിയുമ്പോൾ ചില്ലുകൾ പൊടിഞ്ഞു താഴെ വീഴും. 

കഴിഞ്ഞ ദിവസം എംജി റോഡിൽ നേവി ഓഫിസറുടെ കാറിൽ നിന്ന് ഇത്തരത്തിൽ മോഷണം നടന്നെങ്കിലും രേഖകൾ അടങ്ങിയ ബാഗ് ഉപേക്ഷിച്ച നിലയിൽ പിന്നീടു കിട്ടി.  ഇതിലുണ്ടായ പണം മാത്രം നഷ്ടപ്പെട്ടു.  പൊലീസ് അന്വേഷണം ഊർജിതമാക്കി.