സജൻ പ്രകാശന് ജോലിയുണ്ട്; പക്ഷെ രണ്ട് വർഷമായി ശമ്പളം ലഭിച്ചിട്ട്

ദേശീയ നീന്തല്‍ ച്യാംപന്‍ഷിപ്പില്‍ റെക്കോര്‍ഡുകളോടെ അഞ്ചുസ്വര്‍ണം നേടിയ നീന്തല്‍താരം സജന്‍ പ്രകാശിനോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന. കേരളപൊലീസില്‍ സിഐ റാങ്കില്‍ ജോലിയുണ്ടെങ്കിലും രണ്ടുവര്‍ഷത്തോളമായി സജന് ശമ്പളം കിട്ടിയിട്ട്. പരിശീലനത്തിനുള്ള പണം പോലും കണ്ടെത്താനില്ലാത്ത അവസ്ഥയിലാണ് രാജ്യാന്തര തലത്തില്‍ രാജ്യത്തിന്റ യശസുയര്‍ത്തിയ താരമിപ്പോള്‍. 

രണ്ടുദിവസം മുമ്പ് അവസാനിച്ച ദേശീയ നീന്തല്‍ ച്യാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ലഭിച്ച ആറു സ്വര്‍ണത്തില്‍ അഞ്ചും സജന്റേതായിരുന്നു. മല്‍സരിച്ച എല്ലാ ഇനത്തിലും ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. പക്ഷെ താരത്തോട് രണ്ടുവര്‍ഷമായി സര്‍ക്കാര്‍ കാണിക്കുന്നത് അനീതിയാണ്. 2016ലെ ദേശീയ ഗെയിംസ് മെഡല്‍ നേട്ടത്തിന് പ്രതിഫലമായി തൊട്ടടുത്തവര്‍ഷം സജന് പൊലീസില്‍ സിഐ റാങ്കില്‍ ജോലി നല്‍കിയതാണ്. ജോലിയില്‍ പ്രവേശിച്ച ശേഷം 2020ലെ ഒളിംപിക്സ് പരിശീലനത്തിനായി അവധിയെടുത്തു. ശമ്പളത്തോടെ അവധിയനുവദിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. പക്ഷെ ഇന്നുവരെ ശമ്പളമോ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല. 

ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സജന്‍. ശമ്പളമില്ലാത്തതിനാല്‍ പരിശീലനത്തിന് സ്വന്തമായി തുക കണ്ടെത്തണം. ഡിജിപിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന ഡിജിപിയുടെ ഉറപ്പിലാണ് സജന്റെ പ്രതീക്ഷ.