പത്തടി ഉയരത്തില്‍ പതഞ്ഞുപൊങ്ങി ബെലന്ദൂർ തടാകം; വിഡിയോ

പത്ത് അടി പൊക്കത്തിൽ പതഞ്ഞുപൊങ്ങി ബെലന്ദൂർ തടാകം. തിങ്കളാഴ്ച രാത്രി നിര്‍ത്താതെ പെയ്ത മഴയിലാണ് ബെംഗളൂരുള്ള ബെലന്ദൂർ കനാൽ പതഞ്ഞുപൊങ്ങി പത പരന്നത്. മലിനീകരണം ക്രമാതീതയായി ഉയര്‍ന്ന ബെലന്ദൂര്‍ തടാകത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്തുക്കളാണ് പതയ്ക്ക് കാരണം. രണ്ടു ദശാബ്ദത്തിലേറെയായി രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി ഏറ്റവും മലിനീകരിക്കപ്പെട്ട ജലാശയമായി തീര്‍ന്നിരിക്കുകയാണ് ബെലന്ദൂര്‍ തടാകം.

വാഹനങ്ങൾ സമീപത്തൂടെ നീങ്ങുമ്പോൾ ഈ പത വായുവിലേക്കും ഉയരുന്നുണ്ട്. .ചില സമയത്ത് തടാകത്തിലെ മാലിന്യങ്ങള്‍ക്ക് തീ പിടിച്ച് തടാകം കത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ജൂലൈയില്‍ ബെലന്ദൂരില്‍ നിറഞ്ഞ മാലിന്യം കവിഞ്ഞൊഴുകി അടുത്ത ജില്ലയായ കോലാര്‍ വരെയെത്തിയിരുന്നു. അടുത്ത നാലു ദിവസം ബെംഗളൂരില്‍  കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തില്‍ നിന്നുള്ള അറിയിപ്പ്. മഴ തുടർന്നാൽ ബെലന്ദൂരെ മാലിന്യം കൂടുതൽ പ്രദേശങ്ങളിലേക്കും പരക്കുമെന്ന ആശങ്കയുണ്ട്.