ഓഫീസും റോഡും സ്വയം വൃത്തിയാക്കും; കാറിൽ എപ്പോഴും ചൂൽ; സർക്കാർ ഉദ്യോഗസ്ഥന് കയ്യടി

പേര് സജീന്ദ്രപ്രതാപ് സിങ്ങ്, ജോലി സര്‍ക്കാർ ഉദ്യോഗം. ഓഫീസിലെ ശീതീകരിച്ച മുറിക്കുള്ളിലോ ഫയൽക്കൂമ്പാരങ്ങൾക്കു മുന്നിലോ മാത്രമല്ല നിങ്ങൾക്കിദ്ദേഹത്തെ കാണാനാകുക. ചിലപ്പോൾ കയ്യിലൊരു ചൂലും പിടിച്ച് നടുറോഡിൽ കാണാം, റോഡ് വൃത്തിയാക്കിക്കൊണ്ട്. ഓഫീസില്‍ ചെന്നാലും വ‍ൃത്തിയാക്കല്‍ പ്രവൃത്തിയിൽ മുഴുകിയിരിക്കുകയായിരിക്കും കക്ഷി. ചിലപ്പോൾ സഹപ്രവർത്തകരെയും ഒപ്പം കൂട്ടും.

ആഗ്രയിലെ റീജിയണൽ സർവീസ് (റോഡ്‍വേയ്സ്) മാനേജറാണ് സജീന്ദ്രപ്രതാപ് സിങ്ങ്. ഇവിടെ നിയമിക്കപ്പെട്ടതു മുതൽ ആഗ്രയെ ക്ലീൻ സിറ്റിയാക്കുക എന്നത്  വ്രതമാക്കിയെടുത്തിരിക്കുകയാണ് ഇദ്ദേഹം. 

ഓഫീസ് വൃത്തിയാക്കാൻ പ്രത്യേകം ജീവനക്കാരില്ല. ആദ്യമൊക്കെ സഹപ്രവർത്തകർ കളിയാക്കിയിരുന്നെങ്കിലും പിന്നീട് അവരും ഒപ്പം കൂടി. 

എപ്പോഴും സജീന്ദ്രപ്രതാപിൻറെ കാറിൽ ഒരു ചൂലുണ്ടാകും. എവിടെയെങ്കിലും വൃത്തിരഹിതമായ ഒരു സ്ഥലം കണ്ടാൽ അപ്പോൾ ഇറങ്ങും. ചൂലുകൾ നൽകിയും പണം നൽകിയും ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ളവർ സജീന്ദ്രപ്രതാപിനെയും സംഘത്തെയും സഹായിക്കാറുണ്ട്.