പിതാവ് മരിച്ചു, എന്നിട്ടും പിന്മാറാതെ ഇൗ ക്യാപ്ടൻ: 'അവനെ രക്ഷിച്ചേ മടങ്ങൂ'

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ് കപ്പല്‍ തകര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് രാജ്യമൊന്നാകെ. എന്നാൽ അഭിലാഷ് ടോമിയയെ രക്ഷിക്കാൻ  ഇന്ത്യന്‍ തീരത്തുനിന്ന് പുറപ്പെട്ട ഐ.എന്‍.എസ് സത്പുരയുടെ ക്യാപ്ടൻ  അലോകിനെയാണ് ഇപ്പോൾ രാജ്യം വാഴ്ത്തുന്നത്. 

വ്യക്തിപരമായ വേദനയ്ക്കിടയിലും അഭിലാഷുമായേ മടങ്ങിയെത്തൂ എന്ന ദൃഢനിശ്ചയത്തിലാണ് അലോക്. അഭിലാഷിനെ രക്ഷിക്കാനുള്ള ദൗത്യമേറ്റെടുക്കുമ്പോഴും അലോക് ആനന്ദയുടെ പിതാവ് മുസാഫര്‍പൂരിലെ ആശുപത്രിക്കിടക്കയിലായിരുന്നു. ദൗത്യമേറ്റെടുത്ത് യാത്ര തുടങ്ങിയതിനു പിന്നാലെ പിതാവിന്റെ മരണവാര്‍ത്തയും അലോകിനെ തേടിയെത്തി. എന്നാല്‍ പിതാവിനെ ഒരു നോക്കു കാണാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ വീട്ടിലേക്ക് മടങ്ങാന്‍ ഈ നാവികസേനാംഗത്തിനു കഴിഞ്ഞില്ല. കാരണം കടലില്‍ അകപ്പെട്ട യുവാവിന്റെ ജീവന്‍ രക്ഷിക്കുകയെന്നതു മാത്രമായിരുന്നു അലോക് ആനന്ദയ്ക്കു മുന്നിലുണ്ടായിരുന്ന ഏക ലക്ഷ്യം. രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും അലോക് നേടിയിട്ടുണ്ട്.

അതേസമയം ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപെട്ട മലയാളി നാവികൻ കമാൻഡർ അഭിലാഷ് ടോമിയെ (39) രക്ഷിക്കാൻ ആദ്യ കപ്പൽ ഇന്ന് ഉച്ചയ്ക്ക് അപകടമേഖലയിലെത്തും. ഓസ്ട്രേലിയൻ തീരമായ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ, പായ്മരങ്ങൾ തകർന്ന്, പ്രക്ഷുബ്ധമായ കടലിൽ വൻതിരമാലകളിൽ ഉലയുകയാണിപ്പോൾ അഭിലാഷിന്റെ ‘തുരീയ’ പായ്‌വഞ്ചി. ഏറ്റവും അടുത്തുണ്ടായിരുന്ന ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ ‘ഒസിരിസ്’ ആണ് ഇന്ന് ഉച്ചയ്ക്ക് രക്ഷാദൗത്യത്തിനെത്തുക.

അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റർ അരികിൽ ‘ഒസിരിസ്’ എത്തിയതായാണ് ഒടുവിലത്തെ റിപ്പോർട്ട്. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ മണിക്കൂറിൽ  എട്ടു കിലോമീറ്റർ വേഗത്തിൽ മാത്രമേ കപ്പലിനു സഞ്ചരിക്കാൻ കഴിയുന്നുള്ളൂ.  

നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവൻ ഛർദിച്ചെന്നും അഭിലാഷ് സന്ദേശമയച്ചു. കാൽവിരലുകൾ അനക്കാം. എന്നാൽ, ദേഹത്താകെ നീരുണ്ട് – സന്ദേശത്തിൽ പറയുന്നു. 

ശനിയാഴ്ച ചെന്നൈയിലെ ആർക്കോണത്തുനിന്നു പുറപ്പെട്ട നാവികസേനയുടെ ദീർഘദൂര നിരീക്ഷണ വിമാനം പായ്‌വഞ്ചിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തി ചിത്രങ്ങളും വിഡിയോയും പകർത്തി. പ്രക്ഷുബ്ധമായ കടലിൽ, പായ്മരങ്ങൾ ഒടിഞ്ഞ് ഒരു വശത്തേക്കു വീണു കിടക്കുകയാണ് ‘തുരീയ’. മേഘാവൃതമായ ഇവിടെ, വിമാനം വളരെ താഴ്ന്നുപറക്കുമ്പോൾ മാത്രമേ സമുദ്രോപരിതലം കാണുന്നുള്ളൂ. 

കനത്ത മഴയും മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുമുണ്ട്; 4 മീറ്റർ വരെ ഉയരത്തിൽ തിരമാലകളും. ഇത് 6 മീറ്റർ വരെ ഉയർന്നേക്കാം. രാജ്യാന്തര കപ്പൽച്ചാലിൽനിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവർത്തനം വൈകുന്നത്. എയർ ലിഫ്റ്റ് ചെയ്യാൻ കഴിയുന്ന തരം വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കരയിൽനിന്ന് ഇത്ര ദൂരം പറന്ന് ദൗത്യം നിർവഹിച്ചു തിരികെയെത്താനുള്ള ഇന്ധന ശേഷിയില്ല. അതിനാൽ, കപ്പൽ ഉപയോഗിച്ചുള്ള രക്ഷാദൗത്യം മാത്രമേ ഇവിടെ സാധ്യമാകൂ.