രണ്ടിഞ്ച് നീളമുള്ള കൺപീലി; അവന്റെ കണ്ണിലുടക്കി ലോകത്തിന്റെ കണ്ണ്, അപൂർവം

രൂപത്തിലെ വ്യത്യസ്ഥത കൊണ്ട് സോഷ്യൽ ലോകത്ത് വൈറലാവുകയാണ് ഇൗ ബാലൻ. അസാധാരണ വളർച്ചയുള്ള കൺപീലികളാണ്  ഇൗ പതിനൊന്ന് വയസുകാരനെ വേറിട്ട് നിർത്തുന്നത്.  റഷ്യക്കാരനായ മുവിന്‍ ബെക്ക്‌നോവിന് സോഷ്യൽ ലോകത്തും ഇപ്പോൾ താരമാവുകയാണ്. 

ഇത്തരത്തിൽ കൺപീലികൾ വളരുന്നത്  അപൂര്‍വ്വമെങ്കിലും ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജീനുകളിലെ ചില വ്യതിയാനങ്ങളാണ് മുവിന് നീണ്ട കണ്‍പീലികള്‍ സമ്മാനിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇവനില്ല. ഏകദേശം രണ്ടിഞ്ചാണ് കണ്‍പീലികള്‍ക്ക് ഇപ്പോഴുള്ള നീളം. പുറത്തിറങ്ങുമ്പോഴെല്ലാം അപരിചിതരായ ആളുകള്‍ മകന്റെ കണ്‍പീലികള്‍ കണ്ട് അത്ഭുതപ്പെടാറുണ്ടെന്നും എന്നാല്‍ മോശമായ പ്രതികരണങ്ങളൊന്നും വരാറില്ലെന്നും മുവിന്റെ അച്ഛന്‍ സെദുലോ ബെക്ക്‌നോവ് പറയുന്നു. 

മുവിന്‍ ആണെങ്കില്‍ എല്ലാ കുട്ടികളെക്കാളും മിടുക്കനാണ്. ഭാവിയില്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാണ് ആഗ്രഹമെന്ന് മുവിന്‍ പറയുന്നു. നീണ്ട കണ്‍പീലികളായതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എല്ലാവരെയും പോലെ തന്നെ സാധാരണരീതിയിലാണ് താന്‍ ജീവിക്കുന്നതെന്നും ഈ പതിനൊന്നുകാരന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.