‘നൻട്രി എപ്പടി സൊല്ലണം എന്ന് തെരിയാത്..’; ജീവാംശമായി പാടിയ തമിഴ് പെൺകൊടി; അഭിമുഖം

‘അമ്മാ എനക്ക് വന്ത് തിരുവനന്തപുരം മ്യൂസിക്ക് കോളജിൽ പഠിച്ചാപോതും. യേശുദാസ് സർ പഠിച്ച ക്യാംപസ് അമ്മാ..’ ഇൗ ആഗ്രഹം അമ്മയോട് പറഞ്ഞ് സമ്മതം വാങ്ങിയിട്ടാണ്  സൗമ്യ സംഗീതം പഠിക്കാൻ കേരളത്തിലേക്ക് വണ്ടികയറിത്. തമിഴ്നാട്ടിൽ ഒട്ടേറെ സംഗീതകോളജുകളുള്ളപ്പോൾ മലയാള നാട്ടിലേക്ക് ട്രെയിൻ കയറിയ സൗമ്യയെ കേരളം നെ‍ഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

തീവണ്ടി എന്ന സിനിമയിലെ ‘ജീവാംശമായി’ എന്ന ഗാനം ഉള്ളുതൊട്ട് ശുദ്ധമലയാളത്തിൽ ഇൗ തമിഴ് പെൺകുട്ടി പാടിയപ്പോൾ നിറഞ്ഞ മനസോടെയാണ് അവളെ സോഷ്യൽ ലോകം ലൈക്കേറ്റിയത്. മലയാളിയുടെ ആ സ്നേഹത്തെക്കുറിച്ച് സൗമ്യ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

‘എപ്പടി സൊല്ലണം എന്ന് തെരിയാത്.. റൊമ്പ നൻട്രി..’ വാക്കുകൾകൊണ്ട് ആ സ്നേഹവും നന്ദിയും പറയാൻ സൗമ്യയ്ക്ക് കഴിയുന്നില്ല. ഇളയരാജാപ്പാട്ടിന്റെ ഇഷ്ടക്കാരി. ഗാനഗന്ധർവനെ ആരാധിക്കുന്നു. എ.ആർ.റഹ്മാൻ ജീവനാണ്. ഇതാണ് സൗമ്യ. ജനിച്ചതും പഠിച്ചതും തമിഴ് നാട്ടിലാണെങ്കിലും കന്നഡയാണ് സൗമ്യയുടെ മാതൃഭാഷ. തീവണ്ടി എന്ന ചിത്രം ഇതുവരെ കണ്ടിട്ടില്ലെങ്കിലും ജീവാംശമായി എന്ന ഗാനം ഏറെ ഇഷ്ടമായി. കോളജിൽ കൂട്ടുകാരുടെ മുന്നിൽ പാടിയ പാട്ട് സുഹൃത്തുക്കൾ തന്നെയാണ് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇതോടെ നല്ല ശുദ്ധിയോടെ മലയാളം ഉച്ചരിക്കുന്ന ഇൗ പെൺകുട്ടിയെ തേടി ആശംസപ്രവാഹം. 

തിരുവനന്തപുരം സംഗീത കോളേജിൽ ഒന്നാം വർഷ സംഗീത വിദ്യാർത്ഥിയാണ് സൗമ്യ. യേശുദാസാണ് സൗമ്യയുടെ ഇഷ്ടഗായകൻ. തമിഴിന്റെ അഴകായ ഇളരാജ സംഗീതവും ഏറെ ഇഷ്ടപ്പെടുന്ന സൗമ്യയ്ക്ക് എ.ആർ റഹ്മാന്റെ ഒരു പാട്ടെങ്കിലും പാടണം എന്നാണ് വലിയ മോഹം. മുത്തശ്ശിയാണ് സംഗീത്തതിലെ ആദ്യ ഗുരു. കേരളത്തിന്റെ സംസ്കാരവും മലയാളവും ഏറെ ഇഷ്ടപ്പെടുന്ന സൗമ്യയോട് മലയാളത്തിലെ ഏറെ ഇഷ്ടപ്പെട്ട ഗാനം എതെന്ന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ. നീലത്താമര എന്ന ചിത്രത്തിലെ അനുരാഗവിലോചനനായി എന്ന ഗാനമാണ് മലയാളത്തിൽ ഏറെ ഇഷ്ടം.   കേരളത്തിന്റെ അയൽക്കാരിയായല്ല ഒരു മലയാളി കുട്ടിയായി തന്നെ സൗമ്യയെ കേരളം എറ്റെടുക്കുന്നു.