മരണവിവരമറിഞ്ഞ് ഓടിയെത്തി മമ്മൂട്ടി; ഇടറിയ വാക്കുകളില്‍ ‘രാജുച്ചായന്‍’: വിഡിയോ

ക്യാപ്റ്റൻ രാജുവുമായി ഏറെ അടുപ്പമായിരുന്നു മമ്മൂട്ടിക്ക്. മരണവിവരമറിഞ്ഞ് ആശുപത്രിയില്‍ ആദ്യമെത്തിയതും മമ്മൂട്ടിയാണ്. പാതി ഇടര്‍ച്ചയോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചതും. അവസാനമായി ക്യാപറ്റന്‍ രാജു ഒന്നിച്ചഭിനയിച്ചതും രാജുച്ചായന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന നിഷ്കളങ്കയെപ്പറ്റിയും മമ്മൂട്ടി ഓര്‍ത്തെടുത്തു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയത്. എല്ലാവരോടും പ്രത്യേകരീതിയിലാണ് സംസാരിക്കുന്നത്. രാജുച്ചായൻ എന്നാണ് സ്വയം പരിചയപ്പെടുത്തുക.’–മമ്മൂട്ടി പറഞ്ഞു.

ക്യാപ്റ്റൻ രാജുവിന്റെ വേർപാട് മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണെന്നും കുടുംബാഗങ്ങളും സങ്കടത്തിൽ ഒപ്പംചേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ‘അടുത്തുകാലത്ത് അസുഖമുണ്ടായി. അതിനു മുന്‍പ് അപടകത്തിൽ സ്ട്രോക്ക് ഉണ്ടായി കാലിന് പരുക്കേറ്റിരുന്നു. അവസാനമായി അഭിനയിച്ചതും എനിക്കൊപ്പം മാസ്റ്റർപീസിലാണ്. വടക്കൻ വീരഗാഥ, ആവനാഴി അങ്ങനെ പ്രസിദ്ധമായ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്.’–മമ്മൂട്ടി പറഞ്ഞു.

പൂര്‍ണ വിഡിയോ കാണാം.